ചെന്നൈ: അമ്മയെ തീര്‍ത്ഥാടനത്തിന് കൊണ്ടുപോകാന്‍ ജോലി ഉപേക്ഷിച്ച ദക്ഷിണമൂര്‍ത്തി കൃഷ്ണ കുമാറാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. മൈസൂരില്‍ നിന്നുള്ള ദക്ഷിണാമൂര്‍ത്തി കൃഷ്ണ കുമാര്‍ ബാങ്കിംഗ് ജോലി ഉപേക്ഷിച്ചാണ് അമ്മയെ തീര്‍ത്ഥാടനത്തിന് കൊണ്ടുപോയത്. വാര്‍ത്തയറിഞ്ഞ് കൃഷ്ണകുമാറിനെ അന്വേഷിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അന്വേഷണം നടത്തുന്നത്. ബിസിനസ്സ് വ്യവസായി ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെ പലരും ഈ അന്വേഷണത്തിലാണ് ഇപ്പോള്‍.
അമ്മ ഹമ്പി സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ജോലി ഉപേക്ഷിച്ച് അമ്മയെ പുണ്യസ്ഥലങ്ങളില്‍ കൊണ്ടുപോയി. ഒരു ദേശീയ മാദ്ധ്യമമാണ് കൃഷ്ണകുമാറിന്റെ ഈ തീര്‍ത്ഥാടന യാത്രയെ കുറിച്ച് റിപ്പോര്‍ട്ടു ചെയ്തത്. 20 വര്‍ഷം പഴക്കമുള്ള സ്കൂട്ടറിലായിരുന്നു അമ്മയുമായി കൃഷ്ണകുമാര്‍ യാത്രചെയ്തത്. ഏകദേശം 25,000 കിലോമീറ്റര്‍ യാത്രചെയ്ത അമ്മയും മകനും ഒടുവില്‍ കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ചു.
കുമാറിന്റെ കഥയും അദ്ദേഹത്തിന്റെ യാത്രയുടെ ഒരു ഭാഗം ഉള്‍പ്പെടുന്ന വീഡിയോയും ഇപ്പോള്‍ ട്വിറ്ററില്‍ ഉള്‍പ്പെടെ വൈറലായിട്ടുണ്ട്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയത്. കൃഷ്ണകുമാറിന് ഒരു കാര്‍ സമ്മാനമായി നല്കാന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തെ അറിയുന്നവര്‍ കണ്ടുപിടിച്ചുതരണമെന്നുമാണ് ആനന്ദ് മഹീന്ദ്രയുടെ അഭ്യര്‍ത്ഥന.
‘അദ്ദേഹത്തിന് വ്യക്തിപരമായി ഒരു മഹീന്ദ്ര കെയുവി 100 എന്‍എക്സ്ടി സമ്മാനമായി നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ അമ്മയോടൊപ്പമുള്ള അടുത്ത തീര്‍ത്ഥയാത്ര കാറില്‍ സഞ്ചരിക്കാന്‍ അദ്ദേഹത്തിന് കഴിയും.’ ഇതായിരുന്നു മഹീന്ദ്രയുടെ വാക്കുകള്‍ .
ആനന്ദ് മഹീന്ദ്രയുടെ ഈ പോസ്റ്റ് മണിക്കൂറുകള്‍ക്കകം തന്നെ വൈറലായി. ഇത് 5 ലക്ഷത്തിലധികം ആളുകള്‍ പോസ്റ്റ് കണ്ടതായി ട്വിറ്ററില്‍ വ്യക്തമാകുന്നു 7,000 ലധികം ലൈക്കുകളും 1,800 റീട്വീറ്റുകളും പോസ്റ്റിന് ലഭിച്ചു.