മുംബൈ: പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. അനുരാഗബാദ് സ്വദേശികളായ സന്തോഷ് ലോന്ഖര്, മംഗേഷ് ലോന്ഖര്, ദത്തരായ ഷിന്‍ഡേ എന്നിവര്‍ക്കാണ് മുംബൈ കോടതി വധശിക്ഷ വിധിച്ചത്. ജസ്റ്റിസുമാരായ ടി.വി നലവാഡേ, കെ.കെ സൊനവാനേ എന്നിവരാണ് വധശിക്ഷ നല്കാന് ഉത്തരവിട്ടത്.
സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി നിരീക്ഷിച്ചു. വളരെ പൈശാചികമായാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നും, പ്രതികള്‍ക്ക് ഒരു സമൂഹത്തിലും ജീവിക്കാന്‍ അര്‍ഹര്‍ അല്ലെന്നും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
2014 ല്‍ അനുരാഗബാദിലെ അഹമ്മദ് നഗറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളില്‍ നിന്നും പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. വൈകിയും വീടെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കനാലില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയാണ് കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത്. പ്രതികളില്‍ ഒരാളായ സന്തോഷ് കുട്ടിയെ നിരന്തരമായി ശല്യം ചെയ്യാറുണ്ടായിരുന്നു എന്നായിരുന്നു സുഹൃത്തായ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.