യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് ദുബൈയ് മുനിസിപ്പാലിറ്റി അത്യാധുനിക ത്രീ ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ നിർമിതി പൂർത്തിയാക്കിയത്. പരമ്പരാഗത കെട്ടിട നിർമാണ രീതികളെക്കാൾ അമ്പതു ശതമാനം കുറവ് ചിലവ് മാത്രമേ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ നിർമാണ രീതിക്ക് ഉണ്ടാകൂ എന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജെനറൽ ദാവൂദ് അൽ ഹജിരി പറഞ്ഞു. ദുബായ് അൽ വർസാൻ ഏരിയയിൽ പൂർത്തിയാക്കിയ 3ഡി പ്രിന്റഡ് കെട്ടിടത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. കെട്ടിട നിർമാണം മൂലമുണ്ടാകുന്ന വെയ്സ്റ്റിൽ അറുപതു ശതമാനത്തിന്റെ കുറവും 3 ഡി പ്രിന്റിങ് സാങ്കേതിക വിദ്യയിൽ സാധ്യമാകും. തൊഴിലാളികളുടെ എണ്ണവും കുറച്ചു മതി. 2030 ഓടെ ദുബായിൽ നിർമിക്കുന്ന കെട്ടിടങ്ങളിൽ 25 ശതമാനം 3 ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാവുമെന്നും ദാവൂദ് അൽ ഹജിറി അറിയിച്ചു. ഒൻപതര മീറ്റർ ഉയരവും 640 സ്ക്വയർ മീറ്റർ വിസ്തൃതിയും ഉള്ള ഇരു നില കെട്ടിടമാണ് 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയിൽ പൂർത്തിയാക്കിയത്.