അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ കൊയ്ത്തുത്സവം ഈ മാസം ഇരുപത്തിയഞ്ചിന് വിപുലമായ പരിപാടികളോടെ നടക്കും. യു.എ.ഇ. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി നിരവധി പ്രത്യേകതകളോടെയാണ് ഇത്തവണ കൊയ്ത്തുത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.പരമ്പരാഗത രീതിയിൽ പള്ളിയങ്കണത്തിൽ സജ്ജീകരിക്കുന്ന ചന്തയും കലാപരിപാടികളുമാണ് കൊയ്ത്തുത്സവത്തിന്റെ പ്രധാന ആകർഷണം.രാവിലെ 11 മണിയോടെ ആഘോഷങ്ങൾക്ക് തുടക്കമാവും.വൈകീട്ട് നാലിന് ആരംഭിക്കുന്ന സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ഓർത്തഡോക്സ് സഭ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ചാർജ് ദി അഫയേഴ്സ് സ്മിത പാന്ഥ് നിർവഹിക്കും. അഞ്ചരയോടെ സ്റ്റാളുകൾ പ്രവർത്തനമാരംഭിക്കും.