തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടു മണിയ്ക്ക് മുന്‍പ് വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂമുകള്‍ തുറക്കും.
ആദ്യം പോസ്റ്റല്‍ വോട്ടുകളാകും എണ്ണിത്തുടങ്ങുക. 8.30 ഓടു കൂടി ആദ്യ ഫല സൂചനകള്‍ പുറത്തു വരും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും.
വിവി പാറ്റുകള്‍ എണ്ണിയ ശേഷം രണ്ട് മണിയ്ക്ക് ഔദ്യോഗിക ഫല പ്രഖ്യാപനമുണ്ടാവും. എറണാകുളത്ത് മഹാരാജാ കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ് കോളേജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ്, വട്ടിയൂര്‍കാവില്‍ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് മഞ്ചേശ്വരത്ത് ഗവ എച്ച്.എസ്.എസ്. പൈവളിക നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ .
അതേസമയം വോട്ടെണ്ണല്‍ നടക്കുന്ന അഞ്ചു നിയമസഭാമണ്ഡലങ്ങളിലും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി 1249 പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചു. ഇതില്‍ 21 ഡിവൈഎസ്പിമാരും 27 ഇന്‍സ്പെക്ടര്‍മാരും 165 സബ് ഇന്‍സ്പെക്ടര്‍മാരും ഉണ്ട് . ഇതോടൊപ്പം സായുധ പൊലീസ് സേനയുടേയും കേന്ദ്ര വ്യവസായ സുരക്ഷിത സേനയുടേയും 13 കമ്പനികളെ വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടിണ്ട്.