കൊച്ചി: കൊച്ചിയില്‍ വീണ്ടും ശക്തമായ മഴ. ബുധനാഴ്ച രാത്രി പെഴ്ത കനത്ത മഴയില്‍ മേനക പ്രദേശത്തെ കടകളില്‍ വെള്ളം കയറി. മഴയെ തുടര്‍ന്ന് ചില റോഡുകളിലും വെള്ളം കയറി. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മഴ രണ്ട് മണിക്കൂറോളം നിര്‍ത്താതെ പെഴ്തതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഉപതെരഞ്ഞെടുപ്പിന്റെ കൗണ്ടിംഗ് ഹാള്‍ പ്രവര്‍ത്തിക്കുന്ന മഹാരാജാസ് കോളേജിന്റെ സെന്റിനറി ഹാളിനു ചുറ്റും വെള്ളക്കെട്ടുണ്ടായി. ഫയര്‍ഫോഴ്സ് എത്തി വെള്ളം പമ്പുചെയ്ത് കളഞ്ഞെങ്കിലും മഴ തുടരുകയാണ്. അതിനാല്‍ ഫയര്‍ഫോഴ്സ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കലൂര്‍ കെ.എസ്.ഇ.ബി പരിസരത്തും ഫയര്‍ഫോഴ്സ് എത്തി പരിശോധന നടത്തി. എന്നാല്‍ ഇവിടെ വെള്ളം പമ്പു ചെയ്ത് കളയേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ ഫലമായി വെള്ളക്കെട്ട് നീങ്ങുകയായിരുന്നു.കൂടാതെ നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനെ ഹൈക്കോടതി കണക്കിന് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കോര്പ്പറേഷന് പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കൊച്ചിയെ സിംഗപ്പൂരാക്കാനല്ല പറയുന്നത്. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണം. പ്രളയത്തേക്കാള്‍ ഭയാനാകമായ സാഹചര്യമാണ് കൊച്ചി നഗരത്തില്‍ ഉണ്ടായതെന്നും പാവപ്പെട്ടവരുടെ കാര്യം നോക്കാന്‍ ആരുമില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.