Kerala

മരട് ഫ്‌ളാറ്റ്; 16 ഫ്‌ളാറ്റ് ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരം

കൊച്ചി; മരടിലെ 16 ഫ്‌ളാറ്റ് ഉടമകള്‍ക്കു കൂടി നഷ്ട പരിഹാരം നല്‍കാന്‍ കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു. ഇതോടെ നഷ്ടപരിഹാരം ലഭിക്കുന്നവരുടെ എണ്ണം 157 ആയി. 79 പേര്‍ ഇതുവരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല.

ഫ്‌ളാറ്റ് ഉടമകളില്‍ നിന്ന് വാങ്ങിയ തുക സംബന്ധിച്ച വിവരം അറിയിക്കാന്‍ സമിതി നിര്‍ദേശിച്ചതിനനുസരിച്ച് ആല്‍ഫവെഞ്ചേഴ്‌സ് ഇത് സമര്‍പ്പിച്ചു. എന്നാല്‍ ആധാരത്തില്‍ കാണിച്ചതില്‍ കൂടുതല്‍ കൈമാറിയിട്ടുണ്ടെന്ന് ഉടമകള്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് ജെയിന്‍ ഹൗസിംങ് കഴിഞ്ഞ ദിവസം രേഖകള്‍ നല്‍കിയിരുന്നു. വിവരം നല്‍കിയില്ലെങ്കില്‍ ഫളാറ്റുടമകള്‍ പറഞ്ഞ തുക ശരിയാണെന്ന് കരുതി തുടര്‍ നടപടികള്‍
സ്വീകരിക്കുമെന്ന് സമിതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ആല്‍ഫ വിവരം സമര്‍പ്പിച്ചത്.

ഗോള്‍ഡന്‍ കായലോരം, ഹോളിഫെയ്ത്ത് എന്നിവയുടെ ഉടമകള്‍ ഇത് വരെ കൈപറ്റിയ തുക സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയിട്ടില്ല. സമിതി നഷ്ടപരിഹാരം ശുപാര്‍ശ ചെയ്ത 38 പേര്‍ക്ക് പണം അനുവദിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന പരമാവധി നഷടപരിഹാരമായ 25 ലക്ഷം രൂപ ബുധനാഴ്ച ഒരാള്‍ക്ക് അനുവദിച്ചു.

അതേസമയം ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ മരട് പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മുന്‍ സ്റ്റാന്റിംഗ് കമ്മറ്റിയംഗങ്ങളും, പ്രാദേശിക സിപിഎം നേതാക്കളുമായ പി കെ രാജുവിനെയും, എം ഭാസ്‌കരനെയുമാണ് ചോദ്യം ചെയ്തത്. നിര്‍മ്മാണ അനുമതിക്കുള്ള പ്രമേയം പാസാക്കിയത് തങ്ങളുടെ അറിവോടെയല്ലെന്ന് ഇരുവരും മൊഴിനല്‍കി. അന്നത്തെ ഭരണ സമിതിയിലെ മുഴുവന്‍ അംഗങ്ങളെയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

എറണാകുളം തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് പി കെ രാജുവിനെയും, എം ഭാസ്‌കരനെയും ഡി വൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. മരട് മുന്‍സിപ്പാലിറ്റി പഞ്ചായത്തായിരിക്കെ 2006 ലാണ് നിയമം ലംഘിച്ചുള്ള ഫ്‌ലാറ്റ് നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കിയത്. അക്കാലത്തെ ഭരണ സമിതിയുടെ കൂടി പിന്തുണയോടുകൂടിയാണ് അനുമതി നല്‍കിയതെന്ന് അറസ്റ്റിലായ മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

59 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close