റിയാദ് ; ഊർജ്ജം , സാമ്പത്തികം , ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളിൽ സൗദിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ . ഈ മാസം 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദർശിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത് .
മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഈ മാസം ആദ്യം സൗദി സന്ദർശിച്ചിരുന്നു . 2016 ലാണ് പ്രധാനമന്ത്രി ആദ്യം സൗദി സന്ദർശിച്ചത് .
ഇത്തവണ ഫ്യൂച്ചർ ഇൻ വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സൗദിയിൽ എത്തുന്നത് . ആഗോള നിക്ഷേപ സാദ്ധ്യതകളും , സമീപനങ്ങളും ചർച്ച ചെയ്യുന്ന ഉച്ചക്കോടിയിൽ നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമാകും .
ഭാവിയിലെ നിക്ഷേപത്തിനുള്ള തുടക്കം എന്ന പ്രമേയത്തിൽ ഈ മാസം 29 മുതൽ 31 വരെ റിയാദിലാണ് ഉച്ചകോടി നടക്കുന്നത് . ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നില ഉയർത്തിയ ഇന്ത്യ ഭാവിയിലെ വികസന സാധ്യതകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും ഉച്ചക്കോടിയിൽ പങ്ക് വയ്ക്കും .
2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറുമ്പോള്‍ 142ാമതായിരുന്നു ഇന്ത്യ. അഞ്ച് വര്‍ഷത്തിനിപ്പുറം ഇന്ത്യ 63ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.