സത്യമപ്രിയം

അഭിജിത് ബാനര്‍ജി നൊബേല്‍ പുരസ്‌കൃതനാകുമ്പോള്‍

സത്യമപ്രിയം - ജി കെ സുരേഷ് ബാബു

നൊബേല്‍ സമ്മാനജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരാണെന്നും നരേന്ദ്രമോദിയുടെ വിമര്‍ശകനാണെന്നും ഇടതുപക്ഷ സഹയാത്രികനാണെന്നും ഒക്കെയായിരുന്നു പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത എതിര്‍ നിലപാട് എടുക്കുന്ന ആളെന്നും ഒക്കെ കുറച്ച് ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരും മാധ്യമപ്രവര്‍ത്തകരും നടത്തിയിരുന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു ഒക്ടോബര്‍ 22 ന് ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി അഭിജിത് ബാനര്‍ജി നടത്തിയ കൂടിക്കാഴ്ച.

നരേന്ദ്രമോദി നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് സര്‍ക്കാരിന്റെ ഉപദേഷ്ടാവും കണ്‍സള്‍ട്ടന്റും ഒക്കെയായി അഭിജിത് ബാനര്‍ജി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തനിക്കെതിരെ എന്തെങ്കിലും പറയിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന തമാശകൂടി അഭിജിത് ബാനര്‍ജി പങ്കുവെച്ചു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം, ബാങ്കിങ്ങ് മേഖലയിലെ ഇന്നത്തെ പ്രതിസന്ധി കടുത്തതാണെന്നും കിട്ടാക്കടം ഉണ്ടായാല്‍ ഉടന്‍ തന്നെ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ഉണ്ടാകുമെന്ന ഭയത്തില്‍ ഉദ്യോഗസ്ഥര്‍ വായ്പകള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറെസമയം പ്രധാനമന്ത്രിയോടൊപ്പം ചെലവഴിച്ച അദ്ദേഹം പ്രധാനമന്ത്രി തന്നോട് ഇന്ത്യയെ കുറിച്ചുള്ള, ഇന്ത്യയുടെ സമ്പദ്‌രംഗത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു എന്നുപറഞ്ഞു. പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ തികച്ചും നൂതനമാണെന്നും ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് തന്റെ നയങ്ങള്‍ക്കു പിന്നിലെ ചിന്തകളെ കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നതെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. ഉദ്യോഗസ്ഥ മേധാവിത്വം കൂടുതല്‍ ഉത്തരവാദിത്തത്തോടെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പെരുമാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞുവെന്ന് ബാനര്‍ജി വ്യക്തമാക്കി.

ഭാരതത്തിന്റെ പൗരത്വമോ അര്‍ദ്ധപൗരത്വമോ ഉള്ള ഒന്‍പതാമത്തെ ആളാണ് നേബല്‍ പുരസ്‌കാര ജേതാവായ അഭിജിത് ബാനര്‍ജി. അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ഡഫ്‌ളോയും മൈക്കിള്‍ ക്രീമറും ചേര്‍ന്ന് നടത്തിയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ സമ്മാനം നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ മുക്തകണ്ഠം പ്രശംസിച്ച ബാനര്‍ജി ആ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമെന്നാണ് പ്രതികരിച്ചത്. വര്‍ഷങ്ങളായി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിവിധ പദ്ധതികളില്‍ അഭിജിത് ബാനര്‍ജിയും ഇപ്പോഴത്തെ ഭാര്യയും എസ്തര്‍ ഡഫ്‌ളോയും ഉപദേശകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ അവര്‍ക്ക് സുഖകരമായ അനുഭവമല്ല ലഭിച്ചതെന്നും പറഞ്ഞിരുന്നു.

അമ്പത്തെട്ടുകാരനായ അഭിജിത് ആദ്യം വിവാഹം കഴിച്ചത് സൗത്ത് പോയിന്റ് സ്‌കൂളിലെ സഹപാഠിയായിരുന്ന അരുന്ധതി(തുലി)യെയാണ്. പിന്നീട് അരുന്ധതി അതേ സ്‌കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി. പിന്നീട് രണ്ടുപേരും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് ചേക്കേറി. 1991 ല്‍ കബീര്‍ ബാനര്‍ജി എന്ന മകന്‍ ജനിച്ചു. ഇതിനിടെ അഭിജിതിന്റെ കീഴില്‍ ഡോക്ടറേറ്റ് ഗവേഷണത്തിനായി എസ്‌തേര്‍ ഡഫ്‌ളോ എന്ന വിദ്യാര്‍ത്ഥിനി എത്തി. ഡോക്ടറേറ്റ് നേടിയ ശേഷവും ഇരുവരും ചേര്‍ന്ന് ഒരു എന്‍ ജി ഒ സ്ഥാപിക്കുകയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച പഠനങ്ങളിലും ഗവേഷണങ്ങളിലും ഏര്‍പ്പെട്ടു. ഇതിനിടെ എസ്തറും എം ഐ ടിയില്‍ അദ്ധ്യാപികയായി. അരുന്ധതിയെയും മകന്‍ കബീറിനെയും പൂര്‍ണ്ണമായി അവഗണിച്ച അഭിജിത് എസ്തറുമായി പഠനഗവേഷണങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വന്നു. അതിനിടെ ഒരു സാമ്പത്തിക കാര്യ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍ ഗര്‍ഭിണിയാണെന്നും കുട്ടിയുടെ പിതാവ് താനാണെന്നും അഭിജിത് പറഞ്ഞത് അരുന്ധതിയെ ഞെട്ടിച്ചു. അരുന്ധതിയും മകനും വല്ലാത്ത മാനസിക അസ്വാസ്ഥ്യത്തിന് അടിമയായി. ഒറ്റപ്പെടലും മാനസികമായ ആഘാതവും കബീറിനെ മദ്യപാനത്തിനും പുകവലിക്കും അടിമയാക്കി.

2014 ല്‍ ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയില്‍ മദ്യപിച്ചിരുന്ന കബീര്‍ സഹയാത്രികനുമായി വിമാനത്തില്‍ വച്ച് അടിപിടിയുണ്ടാക്കി അറസ്റ്റിലായി. നല്ല മിടുക്കനായ വിദ്യാര്‍ത്ഥി എന്ന നിലയില്‍ കബീറിന് കുറഞ്ഞ ശിക്ഷയേ കിട്ടിയുള്ളൂ. കുഞ്ഞിനെ രക്ഷിക്കാന്‍ ലണ്ടനില്‍ തൂണുകളില്‍ നിന്ന് തൂണുകളിലേക്ക് അരുന്ധതി പായുമ്പോഴും മകനെ തിരഞ്ഞ് അഭിജിത് എത്തിയില്ല. ഇതിനിടെ അരുന്ധതി വിവാഹമോചനത്തിന് കേസ് കൊടുത്തു. 2015 ല്‍ അവര്‍ വിവാഹമോചിതരായി. 2016 ല്‍ കബീര്‍ അന്തരിച്ചു. ഇന്ന് അരുന്ധതി ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഇത് അഭിജിതിന്റെ കുടുംബത്തിന്റെ ബാക്കിപത്രമാണ്. ഒരു വിഷാദരാഗം പോലെ അരുന്ധതി ജീവിക്കുമ്പോള്‍ നൊബേല്‍ സമ്മാനത്തിന്റെ അഭിനന്ദനങ്ങള്‍ അവരെയും തേടിയെത്തുന്നുണ്ട്. പക്ഷേ, അവര്‍ പ്രതികരിച്ചിട്ടില്ല. അഭിജിത് ബാനര്‍ജി നൊബേല്‍ പുരസ്‌കൃതനായി മുന്നിലെത്തുമ്പോള്‍ ഇന്ത്യയ്ക്കും അഭിമാനിക്കാം.

42 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close