ഇന്ന് കേരള പിറവി. ഐക്യ കേരളത്തിന് 63 വയസ് തികയുന്നു. 1956 നവംബര്‍ 1-നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരളപിറവി ദിനമായ ഇന്ന് മലയാള ദിനമായും, ഒന്നു മുതല്‍ ഏഴുവരെ ഭരണഭാഷാ വാരമായും ആഘോഷിക്കുകയാണ്. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനുമായുള്ള വിവിധ പരിപാടികള്‍ക്കും ഇന്ന് സംസ്ഥാനത്ത് തുടക്കമാവുകയാണ്.
എന്നാല്‍ വാളയാര്‍ പെണ്‍കുട്ടികള്‍ക്കുള്ള നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് കേരള പിറവി കണ്ണീര് പിറവി ദിനമായി ആചരിക്കുകയാണ് സോഷ്യല്‍ മീഡിയ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതിയും സുരക്ഷയും അവകാശപ്പെടുന്ന സംസ്ഥാനത്ത് പരിപൂര്‍ണ നീതി നിഷേധമാണ് വാളയാറില്‍ നടന്നത്. ഇതിനെതിരെ ശക്തമായാണ് സമൂഹമാധ്യമങ്ങള്‍ പ്രതികരിക്കുന്നത്.
വാളയാറിലെ പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും അതിനെതിരെ സര്‍ക്കാരും നീതിപീഠവും കണ്ണടയ്ക്കുകയാണ് ചെയ്തത്. നീതി നല്കേണ്ടിടത്ത് പ്രതികളെ സംരക്ഷിക്കുകയും ചേര്‍ത്തു പിടിക്കേണ്ടവരെ അവഹേളിക്കുന്നതുമാണ് കേരള ജനത കണ്ടുകൊണ്ടിരിക്കുന്നത്.
വാളയാറിലെപെണ്കുട്ടികള്ക്കും കുടുംബത്തിനും നീതി ലഭിക്കാത്തതിനാല്‍ ഇന്ന് ഉണ്ണാവ്രതമായി ആചരിക്കണമെന്ന ആവശ്യവുമായാണ് ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് രംഗത്തെത്തിയത്. പ്രതിഷേധത്തില്‍ കേരളത്തിലെ എല്ലാ ജനങ്ങളും അണി ചേരണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പിറവി ദിനം കണ്ണീര് ദിനമാണെന്നും കേരളം എന്ത് സന്ദേശമാണ് ലോകത്തിന് നല്കുന്നുവെന്നാലോചിക്കുമ്പോള് നാണക്കേട് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയെ വിചാരണ ചെയ്ത നാട്ടിലെ സദാചാര പോലീസ് സംഘത്തിനെതിരേയും സമൂഹമാധ്യമത്തില്‍ പ്രതിഷേധം ഉയരുകയാണ്. നാടിന്റെ വിവിധ കോണുകളില്‍ നിന്ന് വാളയാര്‍ പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി പ്രതിഷേധം ഉയരുന്നതിനിടെയാണ് നീതി സംരക്ഷകരെന്ന പേരില്‍ വാളയാറില്‍ എത്തിയ ചാരിറ്റി പ്രവര്‍ത്തകരുടെ വിചാരണ.
വാളയാറിലെത്തിയ ഇവര്‍ക്ക് അറിയേണ്ടത് പെണ്‍കുട്ടികളുടെ അമ്മയുടെ ഭൂതകാലവും കുട്ടികളുടെ അച്ഛന് ആരാണെന്നുമാണ്. ഇത്തരം പ്രവൃത്തികള്‍ നിങ്ങളുടെ അറിവോടെയാണോ നടന്നതെന്നും അവര്‍ ചോദിച്ചു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
https://www.facebook.com/sreejithpoyilkavu/videos/2669896946409217/
തെമ്മാടിത്തരം കാണിക്കാനും ചോദിക്കാനും ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ആ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് അമ്മയുടേയും രണ്ടാനച്ഛന്റേയും അറിവോടെയാണോ എന്ന് ചോദിക്കുന്നതിനേക്കാള്‍ മാന്യതയുണ്ട് അടുക്കള പുറത്തെ പരദൂഷണമെന്നും സാമൂഹ്യ പ്രവര്‍ത്തക രേഖ ഷാജു പറയുന്നു. പോലീസ് മുറയിലുള്ള ചാരിറ്റി പ്രവര്‍ത്തകരുടെ വിചാരണയ്ക്കിടെ പെണ്‍കുട്ടികളുടെ അമ്മ പൊട്ടികരയുന്നതും വീഡിയോവില്‍ കാണാം.
വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതിവേണം എന്ന ഹാഷ്ടാഗോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നത്. വാളയാറിലെ നീതി നിഷേധത്തിനെതിരെ പ്രമുഖ സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ടോവിനോ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദന് തുടങ്ങിയവര്‍ വളരെ ശക്തമായാണ് ഇതിനെതിരെ പ്രതിഷേധിച്ചത്. താരവും നാടക നടനുമായ സന്തോഷ് കീഴാറ്റൂര്‍ തെരുവു നാടകത്തിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചത്.