അങ്കമാലി: വീടുകളുടെ ചുമരുകളില്‍ വിവിധ അടയാളങ്ങള്‍ കണ്ട് ആളുകള്‍ ഭീതിയില്‍.ആലുവ അങ്കമാലി എടക്കുന്ന് പഞ്ചായത്തിലാണ് വീടുകളുടെ ഭിത്തികളില്‍ വിചിത്രങ്ങളായ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത കരിപോലുള്ള വസ്തുക്കളാല്‍ വരച്ചിരിക്കുന്നതായാണ് പ്രാഥമിക നിഗമനം.മുന്‍പ് എറണാകുളം ജില്ലകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിപ്പിച്ചുള്ള മോഷണശ്രമം ഒരു കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.
സംഭവത്തെക്കുറിച്ച് പ്രദേശവാസികള്‍ വിവരിക്കുന്നതിങ്ങനെ. മഴയില്ലാഞ്ഞിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ അതിരാവിലെ തുടര്‍ച്ചയായി വൈദ്യുതി നിലയ്ക്കുന്നതായി അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രി എടക്കുന്ന് ഒ എല്‍ പി എച്ച് എസ് സ്ക്കൂളിനടുത്തുള്ള വീട്ടില്‍ രാത്രി 12 മണിസമയത്ത് കോളിംഗ്ബെല്ല് അടിക്കുന്നതായും തുടര്‍ന്ന് വൈദ്യുതി നിലച്ചതായും പ്രദേശവാസികള്‍ പറഞ്ഞു. അജ്ഞാതരായ ചിലര്‍ ബൈക്കില്‍ ഉടന്‍ ഓടിച്ചു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും പറയപ്പെടുന്നു.
ഇത്തരം സംഭവങ്ങള്‍ രണ്ടുമൂന്നിടത്ത് സമാനരീതിയില്‍ ആവര്‍ത്തിക്കപ്പെട്ടതോടെയാണ് ഭീതി പരന്നിരിക്കുന്നത്. രാത്രിയില്‍ പ്രദേശവാസികള്‍ കാവല്‍ നില്ക്കാന് തുടങ്ങിയിരിക്കുകയാണ്. പോലീസെത്തി വീടുകളും പരിസരങ്ങളും പരിശോധന നടത്തി. പ്രത്യേകതരം മോഷണശൈലിയുള്ളവരായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.
ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വിവിധതരം കേസ്സുകളും മോഷണസംഭവങ്ങളും അങ്കമാലി പെരുമ്പാവൂര്‍ മേഖലകളില്‍ പരക്കെ നടന്നിട്ടുള്ളതിനാല്‍ പോലീസ് ജാഗ്രതയിലാണ്. കമ്പിളി, മറ്റ് സാധനങ്ങള്‍ വീടുകള്‍ കയറി വില്‍ക്കാനെത്തുന്നവരെ പ്രത്സാഹിപ്പിക്കരുതെന്നും ശ്രദ്ധിക്കണമെന്നും പോലീസ് സൂചന നല്‍കിയതായി നാട്ടുകാര്‍ അറിയിച്ചു.