പാലക്കാട്: ദേശീയ ബാലാവകാശ കമ്മീഷന് വാളയാറിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. വ്യാഴാഴ്ച തിരുവനന്തപുരത്ത് പോയ മാതാപിതാക്കള്‍ ഇതുവരെ വാളയാറില്‍ എത്തിച്ചേരാത്ത സാഹചര്യത്തിലാണ് കമ്മീഷന് മടങ്ങിയത്. കമ്മീഷന് യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാര്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. എന്നാല്‍ കമ്മീഷന് വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ച ദിവസം തന്നെയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തേക്ക് പോയത്.
തങ്ങള്‍ വാളയാര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ച ദിവസം തന്നെ മാതാപിതാക്കളെ അവിടെ നിന്നും മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ബാലാവകാശ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. വാളയാര്‍ സംഭവത്തില്‍ കേന്ദ്ര ബാലാവകാശ കമ്മീഷന് കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു.
കമ്മീഷന് വരുന്ന ദിവസം തന്നെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ മാറ്റിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ആരോപിച്ച് ബിജെപിയും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. വാളയാര്‍ കേസിലെ പ്രതികളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് മാതാപിതാക്കളെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.