പാലക്കാട്: മൂന്നാംകിട നടനായ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന് അനില്‍ രാധാകൃഷ്ണന്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിയിലായിരുന്നു സംഭവം. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് പറഞ്ഞതിനാല്‍ പരിപാടി കഴിഞ്ഞ് വരാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായി ബിനീഷ് പറഞ്ഞു.
വെളളിയാഴ്ച വൈകിട്ടായിരുന്നു പരിപാടി. ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ബിനീഷ് താമസിച്ചിരുന്ന ഹോട്ടലില്‍ പ്രിന്‍സിപ്പലും യൂണിയന് ചെയര്മാനുമെത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബിനീഷ് കാരണം തിരക്കിയപ്പോഴാണ് അനില്‍ രാധാകൃഷ്ണന് ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയതായി അറിയിച്ചത്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ പറഞ്ഞതായി കോളേജ് ഭാരവാഹികള്‍ ബിനീഷിനെ അറിയിച്ചു.
എന്നാല്‍ പരിപാടിയില്‍ നിന്നും പിന്മാറാന് ബിനീഷ് തയ്യാറായില്ല. അനില്‍ രാധാകൃഷ്ണന് പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്നു പ്രതിഷേധിച്ചു. വേദിയില്‍ നിന്ന് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ട പ്രിന്സിപ്പാളിനോട് തനിക്ക് 30 സെക്കന്റ് ഇവിടെ ഇരിക്കണമെന്നും ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ബിനീഷ് പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ അപമാനം അനുഭവിക്കേണ്ടി വന്ന നിമിഷമാണ് ഇന്ന്. കോളേജ് ചെയര്മാന് എന്റെ മുറിയില്‍ വന്ന് പറഞ്ഞു അനിലേട്ടനാണ് അതിഥിയായി വന്നതെന്ന്. ഈ സാധാരണക്കാരനായ ഞാന്‍ ഗസ്റ്റ് ആയിട്ട് വന്നാല്‍ അനിലേട്ടന് സ്റ്റേജില്‍ കേറൂല, അവനോട് ഇവിടെ വരരുതെന്ന് അനിലേട്ടന് പറഞ്ഞെന്ന് അവരെന്നോട് പറഞ്ഞു. അവന് എന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണ്. ഞാന്‍ മേനോനല്ല, നാഷണല്‍ അവാര്‍ഡ് വാങ്ങിച്ച ആളല്ല. എനിക്ക് വിദ്യാഭ്യാസമില്ല, അതോണ്ട് ഞാന്‍ എഴുതിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞ് അദ്ദേഹം നിറകണ്ണുകളോടെ കയ്യിലുളള കുറിപ്പ് വായിച്ചു.
കുറിപ്പ് പൂര്‍ത്തിയാക്കിയ ശേഷം വേദി വിട്ട ബിനീഷിനെ വലിയ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ബിനീഷിനെ പിന്തുണച്ച് ഒട്ടനവധി പേരാണ് രംഗത്ത് വന്നു. അനില്‍ രാധാകൃഷ്ണ മേനോനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നുണ്ട്.