കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനവുമായി ബന്ധപ്പെട്ട കേസില്‍ ജോസ് കെ മാണിയ്ക്ക് തിരിച്ചടി. ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിന് എതിരെ ഇടുക്കി മുന്‍സിഫ് കോടതിയുടെ സ്റ്റേ തുടരും. സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി.
അടിയന്തിരമായി കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തുള്ള ബദല്‍ സംസ്ഥാന കമ്മിറ്റി നിയമ വിരുദ്ധമാണെന്നും കമ്മിറ്റിയില്‍ പങ്കെടുത്തത് വ്യാജ അംഗങ്ങള്‍ ആണെന്നുമുള്ള ജോസഫ് പക്ഷത്തിന്റെ വാദം അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ ചെയ്തത്. ഇതിനെതിരെ ജോസ് കെ മാണി നല്കിയ അപ്പീലാണ് കട്ടപ്പന കോടതി തള്ളിയത്.
കേരളാ കോണ്‍ഗ്രസ് ഭരണഘടനയുടെ വിജയാമാണിതെന്ന് പി ജെ ജോസഫ് വിഭാഗം പ്രതികരിച്ചു. പി ജെ ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ ജോസ് കെ മാണി തയ്യാറാവണമെന്നും അഹങ്കാരം വെടിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യം മനസിലാക്കണമെന്ന് ജോസഫ് വിഭാഗം നേതാവ് എംജെ ജേക്കബ് പറഞ്ഞു.