കോട്ടയം: ഭരണഘടന അംഗീകരിക്കാത്ത ജോസ് കെ മാണിയ്ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് പി ജെ ജോസഫ്. ഇന്നത്തെ പാര്‍ലമന്ററി യോഗത്തിന് മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന നിലപാടാണ് ജോസിന്റേത്. തെറ്റ് തിരുത്തിയാല്‍ തിരിച്ചു വരാമെന്നും പിജെ ജോസഫ് പറഞ്ഞു.
ജോസ് കെ മാണിയുടെ ധിക്കാരത്തിനേറ്റ തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കെതിരെ പിജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍ നിന്നും വാങ്ങിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി കട്ടപ്പന സബ് കോടതിയില്‍ നല്‍കിയിരുന്ന അപ്പീല്‍ ഇന്ന് തള്ളിയിരുന്നു. അടിയന്തിരമായി കേസില്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
പി ജെ ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ ജോസ് കെ മാണി തയ്യാറാവണമെന്നും അഹങ്കാരം വെടിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യം മനസിലാക്കണമെന്നും ജോസഫ് വിഭാഗം നേതാവ് എം ജെ ജേക്കബും വ്യക്തമാക്കിയിരുന്നു.