തിരുവനന്തപുരം: വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് കുമ്മനം രാജശേഖരൻ നടത്തിയ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംസ്കാരിക കേരളം നടത്തിയ സൃഷ്ടികൾ ശ്രദ്ധേയമായി. പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ കവിത രചിച്ചാണ് കുമ്മനം നടത്തിയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
കണ്ണീർ പുഴയിൽ ഒലിച്ചു പോകും ധിക്കാരികളുടെ ദുർഭരണം എന്ന് തുടങ്ങുന്ന വരികൾ പിണറായി ഭരണത്തിനുള്ള താക്കീതായി. പ്രശസ്ത സംഗീത സംവിധായകനായ ഗിരീഷ് നാരായണനാണ് സംഗീതം പകർന്ന് ആലപിച്ചത്. സിനിമാ കലാ സംവിധായകനായ ഇജോ സൈമൻ ചിത്രം വരച്ചാണ് സമരത്തിന് പിന്തുണ നൽകിയത്. കൈപ്പത്തി പെയിന്റിൽ മുക്കി ഇജോ വരച്ച ചിത്രം വാളയാർ സംഭവത്തിന്റെ ദുഃഖ കാഴ്ചയായി.
കലാകാരനായ യാഗാ ശ്രീകുമാർ ഇൻസ്റ്റലെഷൻ നിർമ്മിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വാളയാർ സംഭവം പ്രതീകാത്മകമായി യാഗാ ശ്രീകുമാർ പുനരാവിഷ്കരിച്ചു.
സംഘകലാവേദിയുടെ കലാകാരന്മാരായ രാജേശ്വരി, രമേശ് ഗോപാൽ എന്നിവർ മൂകാഭിനയത്തിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ആശുപത്രി കിടക്കയിൽ നിന്നാണ് കൊടുങ്ങല്ലൂർ സ്വദേശിനി ദീപാ ജയരാജ് കവിത എഴുതി അയച്ചു നൽകിയത്.
രേവതി നാഥ് ആലപിച്ച കവിത പലരുടെയും കണ്ണ് നിറയിക്കുന്നതായിരുന്നു. കൊല്ലം ആശ്രമം സ്വദേശി യുവകവി വിനു നമ്പാരത്ത് എഴുതി ആലപിച്ച കവിതയോടെയാണ് ഉപവാസ സമരം തുടങ്ങിയത്.