ന്യൂഡല്‍ഹി : രാജ്യത്തെ സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ഭക്ഷ്യ സുരക്ഷാ സ്റ്റാന്റേര്‍ഡ് അതോറിറ്റി. ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ പുതിയ നടപടി. സ്കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡ് വില്‍ക്കരുതെന്നും അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്കൂളുകളുടെ 50 മീറ്റര്‍ പരിധിയില്‍ ജങ്ക് ഫുഡ് വില്‍ക്കുന്നതിനും, ജങ്ക് ഫുഡിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനും അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ സ്കൂളിലോ പരിസരങ്ങളിലോ ഗുലാബ് ജമൂന്‍, ചോല ബട്ടൂരേ, ന്യൂഡില്‍സ്, മധുര പലഹാരങ്ങള്‍ എന്നിവ വില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി മുതല്‍ കായിക മേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കരുതെന്നും ഇവയുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. ഫാസ്റ്റ് ഫുഡ് കമ്പനികളുടെ പരസ്യങ്ങള്‍ സ്വീകരിക്കരുതെന്നും ഉത്തരവില്‍ ഉണ്ട്. നിരോധനം ഡിസംബര്‍ ആദ്യം നിലവില്‍ വരും.