ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന പോലീസുകാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍. പോലീസുക്കാര് അച്ചടക്കമുള്ള സേനയെപ്പോലെ പെരുമാറണമെന്നും നിയമപാലനമാണ് സര്‍ക്കാരും ജനങ്ങളും നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സമരം ചെയ്യുന്ന പോലീസുകാരോട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക് ആവശ്യപ്പെട്ടു.
അതേസമയം പോലീസുകാരെ മര്‍ദ്ദിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പോലീസുകാര്‍. അമൂല്യ പട്നായിക്കിനെ എതിര്‍ത്തും മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണറും പുതുച്ചേരി ഗവര്‍ണ്ണറുമായ കിരണ്‍ ബേദിയെ അനുകൂലിച്ചും മുദ്രാവാക്യം വിളികളുയര്‍ന്നു. 1982 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിലെ കാര്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്നതിനെതിരെ പൊലീസുകാരന് നടപടിയെടുത്തത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ അന്ന് ന്യൂഡല്‍ഹി ഡിസിപി ആയിരുന്ന കിരണ്‍ ബേദി പൊലീസുകാരനു പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കമ്മീഷണറെന്നാല്‍ കിരണ്‍ ബേദിയെപ്പോലെ ആകണമെന്ന മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നത്. അഭിഭാഷകരുടെ ആക്രമണത്തിനെതിരെ ഡല്‍ഹി പോലീസ് ആസ്ഥാനത്ത് നടന്ന പ്രതിഷേധത്തില്‍ സംസാരിക്കവെയാണ് പട്നായിക്കിനെതിരെ മുദ്രാവാക്യം വിളികളുയര്‍ന്നത്.
തങ്ങളെ കേള്‍ക്കാന്‍ പോലീസ് കമ്മീഷണര്‍ തയ്യാറാകണമെന്നും അദ്ദേഹം അതിന് തയ്യാറാല്ലെങ്കില്‍ ആരാണ് തങ്ങളുടെ ആവശ്യം കേള്‍ക്കുകയെന്നും പോലീസുകാര്‍ ചോദിച്ചു. എഎപി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പരിക്കേറ്റ അഭിഭാഷകരെ സന്ദര്‍ശിച്ചു. എന്നാല്‍ ഒരാള്‍ പോലും പരിക്കേറ്റ പോലീസുകാരെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നും സമരക്കാര്‍ പറഞ്ഞു.
നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയത്. അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിന് കാരണമായത്. ആക്രമണത്തില്‍ പോലീസ് ജീപ്പുകളും ബൈക്കുകളും അഭിഭാഷകര്‍ തീയിട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതേസമയം പോലീസുകാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് അഭിഭാഷകരും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.