ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പ എടുത്ത് മുങ്ങിയ കേസിലെ പ്രതി നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദ രോഗം അനുഭവിക്കുകയാണെന്ന് വ്യക്തമാക്കിയായിരുന്നു നീരവ് മോദി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. നീരവ് മോദിയുടെ നാല് ജാമ്യാപേക്ഷകള്‍ മുന്‍പ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ജാമ്യാപേക്ഷയില്‍ പുതിയ കാരണം നിരത്തിയത്.
പി എന്‍ ബിയില്‍ നിന്ന് 13,500 കോടി രൂപ വെട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19 നാണ് സ്കോര്‍ട്ട്ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. ലണ്ടനിലെ വാന്‍സ് വര്‍ത്ത് ജയിലിലാണ് നീരവ് മോദി ഇപ്പോള്‍ കഴിയുന്നത്. നവംബര്‍ 11 വരെ നീരവ് മോദി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.