തൃശൂര്‍: ആനപ്പാപ്പാന്മാര് തമ്മിലുള്ള ഏറ്റുമുട്ടല്‍ കണ്ട് ആന വിരണ്ടോടി. തൃശൂരിലാണ് സംഭവം. ചിറക്കല്‍ പരമേശ്വരന് എന്ന കൊമ്പനാണ് ആനപാപ്പാന്മാരുടെ ഏറ്റുമുട്ടല്‍ കണ്ട് വിരണ്ടോടിയത്. എത്തായിയിലെ ആനപ്പറമ്പില്‍ ആനയും പാപ്പാനായ ഷണ്മുഖനും വിശ്രമിക്കവെയാണ് പ്രശ്നങ്ങളുണ്ടായത്.
ആനപ്പറമ്പില്‍ തളച്ചിരുന്ന ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ എന്ന കൊമ്പന്റെ പാപ്പാനായ സന്തോഷും ഷണ്മുഖനും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമായാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
തര്‍ക്കം മൂത്തതോടെ ഷണ്മുഖന് ആനയുമായി മടങ്ങി. എന്നാല്‍ പിന്നാലെ എത്തിയ സന്തോഷ് റോഡില്‍ വെച്ച് ഷണ്മുഖനെ കയ്യേറ്റം ചെയ്തു. ഇത് കണ്ട് പരമേശ്വരന് എന്ന കൊമ്പന് വിരണ്ട് ഓടുകയായിരുന്നു. വിരണ്ടോടിയ പരമേശ്വരന്റെ പുറത്തുണ്ടായിരുന്ന മറ്റൊരു പാപ്പാനായ റെജില്‍ തെറിച്ചു വീണിരുന്നു. പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ചേറ്റുവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഷണ്മുഖന് അമല ആശുപത്രിയില്‍ ചികിത്സയിലാണ്.