തൃശൂര്‍: തൃശൂരില്‍ വീണ്ടും വിദ്യാര്‍ത്ഥികളെ കാണാതായി. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന നാല് ആണ്‍കുട്ടികളെയാണ് കാണാതായത്. സ്കൂള്‍ വിട്ട് നാല് പേരും ഒരുമിച്ചാണ് ഇറങ്ങിയത്. ചാലക്കുടി മേലൂരിലാണ് സംഭവമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തിയിരുന്നു. കണ്ടെത്തിയവരില്‍ നാല് പേരും സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആണ് സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണെന്നാണ് കണ്ടെത്തിയത്. ഒരാള്‍ അയല്‍ക്കാരനൊപ്പം പോയപ്പോള്‍ മറ്റൊരു കുട്ടി കുടുംബ പ്രശ്നങ്ങള്‍ കാരണം വീടു വിട്ടിറങ്ങിയതാണ്.
മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍, തൃശൂര്‍ വെസ്റ്റ് സ്റ്റേഷനുകളിലാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി എത്തിയത്. പ്രണയത്തെ തുടര്‍ന്നുള്ള ഒളിച്ചോട്ടമാണ് പെണ്‍കുട്ടികളെ കാണാതായതിനു പിന്നില്‍ എന്നും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായതെന്നും ആദ്യമേ വിവരം ലഭിച്ചിരുന്നു. ഇതാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ സഹായകമായത്.