ന്യൂഡല്‍ഹി: കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായി പാകിസ്ഥാനില്‍ പോകണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ മുന്‍ മന്ത്രി നവജ്യോത് സിംഗ് സിദ്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചത് മൂന്ന് തവണ. മൂന്നാം തവണയും ആവശ്യമുന്നയിച്ച് കത്തയച്ചതോടെയാണ് വിദേശകാര്യ മന്ത്രാലയം സിദ്ദുവിന് അനുമതി നല്‍കിയത്.
‘എന്റെ കത്തിനുള്ള മറുപടി വൈകുന്നത് യാത്രക്ക് തടസ്സമുണ്ടാക്കുന്നു. പാകിസ്ഥാനില്‍ പോകുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഒരു പൗരനെന്ന നിലയില്‍ ഞാന്‍ അത് അംഗീകരിക്കും. എന്റെ മൂന്നാമത്തെ കത്തിനും മറുപടി തന്നില്ലെങ്കില്‍ വിസയെടുത്ത് ഞാനും പാകിസ്ഥാനിലേക്ക് പോകും.’ സിദ്ദുവിന്റെ കത്തില്‍ പറയുന്നു.
അതേസമയം, കര്‍താപൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് പാസ്പോര്‍ട്ട് ആവശ്യമാണെന്ന് പാകിസ്ഥാന് സൈന്യം അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമല്ലെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറിയിച്ചതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ അറിയിപ്പുണ്ടായത്. സിഖ് തീര്‍ത്ഥാടകരുടെ പാസ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പാകിസ്ഥാന് സൈന്യം ഇക്കാര്യം അറിയിച്ചത്.
നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. നവംബര്‍ 9ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇടനാഴി തീര്‍ത്ഥാടകര്‍ക്കായി തുറന്നുനല്‍കും.