കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ യു.എ.ഇ സ്റ്റേറ്റ് മന്ത്രി അഹമ്മദ് അലി അൽ സായെഹ്, വിദേശകാര്യ അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വി.മുരളീധരൻ.
കൂടിക്കാഴ്ച്ചയിൽ വാണിജ്യ, നിക്ഷേപ രംഗങ്ങളിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. വിനോദസഞ്ചാര രംഗത്തെ സാധ്യതകൾ ശക്തിപ്പെടുത്താനും ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽച്ചാലുകളുടെ സുരക്ഷ ശക്തമാക്കാനുള്ള യോജിച്ചുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളും ചേർന്ന് നടത്തുമെന്നും മന്ത്രിമാർ വിശദമാക്കി. ലോകത്തിലെ ചരക്കുകപ്പലുകളുടെ പകുതിയും കടന്നുപോകുന്ന സുപ്രധാന മാർഗമാണിത്. യു.എ.ഇ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ഥ് തുടങ്ങിയവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.