കാലിഫോര്‍ണിയ: ബോയിങ് 787 ഡ്രീംലൈനര്‍ ജെറ്റ് വിമാനങ്ങള്‍ സുരക്ഷിതമല്ലെന്ന് മുന്‍ ക്വാളിറ്റി കണ്ട്രോള് എഞ്ചിനിയര്‍ ജോണ്‍ ബാര്‍നെറ്റ്. വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഓക്സിജന്‍ സംവിധാനം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബാര്‍നെറ്റ് വ്യക്തമാക്കിയത്.
യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ അപ്രതീക്ഷിത വായു മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ യാത്രക്കാരെ അപകടത്തില്‍ നിന്നു രക്ഷിക്കുന്നതിനാണ് സാധാരണ ഒക്സിജന്‍ മാസ്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ യാത്രക്കാര്‍ മരണത്തിന് കീഴടങ്ങിയേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
2016-ല്‍ ബോയിങ് വിമാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ 75 ശതമാനം ഓക്സിജന്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ അവ തന്നെയാണ് കമ്പനി എല്ലാ വിമാനങ്ങളിലും ഉപയോഗിച്ചുട്ടുള്ളതെന്ന് ബാര്‍നെറ്റ് പറഞ്ഞു.
ഓക്സിജന്‍ സംവിധാനങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് ബോട്ടിലുകള്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് വിഭാഗത്തെ വെച്ചും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ നടപടി സ്വീകരിച്ചുവെന്നാണ് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു വിധ നടപടിയും കമ്പനി സ്വീകരിച്ചിട്ടില്ലെന്ന് ബാര്‍നെറ്റ് പറയുന്നു.
അതേസമയം, പ്രശ്നത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് ബാര്‍നെറ്റിനെ സ്വയം വിരമിക്കാന്‍ കമ്പനി നിര്‍ബന്ധിക്കുകയും വ്യക്തി പരമായി അവഹേളിക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ പ്രതികാര നടപടിക്കെതിരെ ബാര്‍നെറ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോയിങില്‍ 32 വര്‍ഷത്തെ സര്‍വീസാണ് ജോണ്‍ ബാര്നെറ്റിനുള്ളത്. 2017-ലാണ് ബാര്‍നെറ്റ് ബോയിങില്‍ നിന്നും വിരമിച്ചത്.