ലണ്ടന്‍: ട്രക്കിലടക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ വിയറ്റ്നാമുകാരുടേതെന്ന് ബ്രിട്ടന് പോലീസ്. പിന്നാലെ ട്രക്കിലുണ്ടായിരുന്നവര്‍ വിയറ്റ്നാമുകാരാണെന്ന് സ്ഥിരീകരിച്ച് വിയറ്റനാം അധികൃതരും രംഗത്തെത്തി. മരിച്ച 39 പേരും തങ്ങളുടെ പൗരന്മാരാണെന്ന് ലണ്ടനിലെ വിയറ്റ്നാം എംബസിയാണ് സ്ഥിരീകരിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടമായ ഓരോ കുടുംബങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിയാണ് എംബസി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് എത്തിക്കാന്‍ കുടുംബങ്ങള്‍ക്ക് കോണ്‍സുലേറ്റ് പിന്തുണ നല്‍കുമെന്ന് വിയറ്റ്നാം ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായി എസെക്സ് പോലീസ് അറിയിച്ചു.
ഒക്ടോബര്‍ 23-നാണ് ബ്രിട്ടനിലെ എസെക്സില്‍ ഒരു ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ 39 പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 31 പുരുഷന്മാരും, എട്ട് സ്ത്രീകളുമാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.
നേരത്തെ, മൃതദേഹങ്ങളില്‍ ചിലതില്‍ നിന്നു മാത്രമാണ് തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തിയത്. മറ്റുള്ളവരെ തിരിച്ചറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്നും ഡിറ്റക്ടീവ് ചീഫ് ഇന്‍സെപക്ടര്‍ മാര്ട്ടിന് പാസ്മോര്‍ പറഞ്ഞിരുന്നു. മറ്റെല്ലാ പ്രതീക്ഷകളും അടഞ്ഞാല്‍ വിരലടയാളങ്ങളും പല്ലിന്റെ ഘടനയും അവസാനഘട്ടമെന്ന നിലയില്‍ ഡിഎന്‍എ ടെസ്റ്റും നടത്തേണ്ടിവരുമെന്നാണ് പാസ്മോര്‍ അറിയിച്ചത്.
ആദ്യം എല്ലാവരും ചൈനാ വംശജരാണെന്ന് ധാരണയിലാണ് അന്വേഷണം മുന്നോട്ട് പോയത്. ബെല്‍ജിയത്തില്‍ നിന്നും ഫെറി വഴി ബ്രിട്ടനില്‍ പ്രവേശിച്ച ട്രക്കില്‍ മൃതദേഹങ്ങള്‍ കണ്ടതോടെയാണ് ഇത്തരമൊരു സംശയം ഉയര്‍ന്നത്. എന്നാല്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് പോലീസ് ഈ രീതിയില്‍ അന്വേഷണം ആരംഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് ലോറിയുടെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യയാണ് ചുമത്തിയത്. ബ്രിട്ടനിലേക്ക് അനധികൃതമായി മനുഷ്യക്കടത്ത് നടത്തുന്ന ശൃംഖലയിലെ അംഗമാണ് ഇയാളെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിയറ്റ്നാമില്‍ മനുഷ്യക്കടത്ത് സംഘത്തിലെ 11 അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.