ഇടുക്കി; ശാന്തന്‍പാറയില്‍ റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുണിയോ കയറോ ഉപയോഗിച്ച് റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. മരണസമയത്ത് റിജോഷ് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. . മൃതദേഹം പാതി കത്തിയ നിലയിലായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു
കഴിഞ്ഞ മാസം 31ന് കാണാതായ റിജോഷിന്റെ മൃതദേഹം ഇന്നലെയാണ് സ്വകാര്യ റിസോര്‍ട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുത്തടി മഷ്റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ പരിസരത്ത് നിന്നും ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
റിജോഷിനെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ചുള്ള റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. റിജോഷിന്റെ ഭാര്യ ലിജി, വസീം എന്നിവര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്. ഇരുവരെയും പാലയില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം അവിടെ എത്തിയെങ്കിലും പിടികൂടാനായില്ല. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയും അന്വേഷിക്കുന്നുണ്ട്.