ആലപ്പുഴ: ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളവിതരണം മുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിട്ടു. കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി വാട്ടര്‍ അതോറിററി ടെക്നിക്കല്‍ അസിസ്റ്റന്റിനെ 2 മണിക്കൂറോളം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു.
200 കോടിയോളം രൂപ മുടക്കി നടപ്പാക്കിയ പദ്ധതിയിലെ ക്രമക്കേടുകളാണ് അടിക്കടി കുടിവെള്ളവിതരണം മുടങ്ങാന്‍ കാരണമെന്നാണ് ഉയരുന്ന ആരോപണങ്ങള്‍. ആലപ്പുഴ നഗരത്തിലും സമീപപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് ആലപ്പുഴ കുടിവെള്ള പദ്ധതി.
എന്നാല്‍ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍ കാരണം ഭൂഗര്‍ഭ പൈപ്പുകള്‍ പൊട്ടി അടിക്കടി കുടിവെള്ള വിതരണം മുടങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് യുവമോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിററി ആലപ്പുഴ ടെക്നിക്കല്‍ അസിസ്റ്റന്റ് സുദര്‍ശനനെ ഓഫീസ് മുറിയില്‍ തടഞ്ഞുവെച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കുടിവെള്ളപ്രശ്നത്തിന് പരിഹാരം തേടി പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
ഉപരോധം അവസാനിപ്പിക്കണമെന്നും ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്നും പ്രതിഷേധക്കാരോട് പൊലിസ് പറഞ്ഞെങ്കിലും കുടിവെള്ളം എത്തിക്കാന്‍ നടപടി ആകും വരെ സമരം തുടരുമെന്ന നിലപാടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലിസ് അറസ്ററ് ചെയ്തുനീക്കി. സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കാനാണ് ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ തീരുമാനം.