ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 40 ലക്ഷത്തോളം ജനങ്ങള്‍ക്ക് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ഉടമസ്ഥാവകാശം കൈമാറാനുള്ള പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന് ഹോള്‍ഡര്‍മാരോടും കോളനി അംഗങ്ങളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 40 ലക്ഷം പേര്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തിന് നന്ദിയറിയിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയതായിരുന്നു സംഘം.
ഒക്ടോബര്‍ 23 നാണ് കേന്ദ്രമന്ത്രിസഭ അനധികൃത കോളനി നിവാസികള്‍ക്ക് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നല്കാന് തീരുമാനിച്ചത്. ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുന്നതിനും മന്ത്രിസഭ അംഗീകാരം നല്കി.
പുതിയ തീരുമാനം വന്നതോടെ പ്രധാനമന്ത്രി ആവാസ് യോജന വഴി എല്ലാവര്ക്കും വീടെന്ന ലക്ഷ്യം 2022 ഓടെ പ്രാവര്‍ത്തികമാകുമ്പോള്‍ ഡല്‍ഹിയിലെ ചേരികളിലും,കോളനികളും താമസിക്കുന്ന നിര്‍ധനര്‍ക്കും സുരക്ഷിതമായ വാസം സാധ്യമാകും. 1500 ഓളം കോളനികള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നാണ് കണക്കുകള്‍.