തൃശൂര്‍: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പരാതിയില്‍ നടി മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസട്രേറ്റ് കോടതിയിലാണ് മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സജി സി. ജോസഫ് അടക്കമുള്ള 7 സാക്ഷികളില്‍ നിന്നും ക്രൈം ബ്രാഞ്ച് ഇന്ന് മൊഴിയെടുത്തിരുന്നു.
സമൂഹ മാദ്ധ്യമങ്ങളിലൂടെ ശ്രീകുമാര്‍ മേനോന് മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. ഒടിയന് സിനിമയുടെ ഷൂട്ടിങ് സെറ്റുകളിലും മറ്റും തേജോവധം ചെയ്തുവെന്ന ആക്ഷേപം പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ സാക്ഷിയായി ചേര്‍ത്തത്.
സ്ത്രീത്വത്തെ അപമാനിച്ചു ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്ന്നു, സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശ്രീകുമാര്‍ മേനോനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.