കോഴിക്കോട്: അയോദ്ധ്യ കേസില്‍ സുപ്രീംകോടതി വിധി എല്ലാവരും മാനിക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. സുപ്രീംകോടതി വിധി മാനിക്കേണ്ടത് എല്ലാ പൗരന്മാരുടേയും കടമയാണ്. വിധിയില്‍ പരാജിതരായവര് പ്രശ്നം ഉണ്ടാക്കുകയോ വിജയം നേടിയവര്‍ ആഹ്ലാദിക്കുകയോ ചെയ്യരുത്. ഈ നിലപാട് എല്ലായിടത്തും അറിയിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. രാജ്യത്ത് സമാധാനം ഉണ്ടാവാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും മുസ്ലിയാര് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമാധാനത്തിനാണ് എല്ലാവരും പ്രാധാന്യം നല്‍കേണ്ടതെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് വ്യക്തമാക്കി.
അയോദ്ധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും കൂടുതല്‍ പഠിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു.
കോടതി വിധി എന്താണെങ്കിലും മാനിക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയതാണെന്നും തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ വിധി ചര്‍ച്ച ചെയ്തതിനുശേഷം പ്രതികരിക്കാമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സമാധാനവും ആത്മ സംയമനവും പാലിക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.