കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ പി എസ് സിയുടെ ഒത്താശയോടെ വന്‍ നിയമന തട്ടിപ്പ്. പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിച്ച് പിന്‍വാതിലിലൂടെ നൂറോളം പേര്‍ക്കാണ് നിയമനം നല്‍കിയത്. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍ സഹകരണ സംഘം രജിസ്ട്രാറും അനധികൃത നിയമനം നടന്നതായി കണ്ടെത്തി.
130 ലേറെ ഒഴിവുകളായിരുന്നു കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 ഫെബ്രുവരി മാസത്തില്‍ പരീക്ഷയും നടത്തി. പരീക്ഷയില്‍ അറുന്നൂറോളം പേര് മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. എന്നാല്‍ 47 പേരെ മാത്രമാണ് ജില്ലാ ബാങ്ക് നിയമിച്ചത്. ബാക്കിയുള്ള തസ്തികകള്‍ റാങ്ക് ലിസ്റ്റിലുള്ളവരെ വഞ്ചിച്ച് പിന്‍വാതിലിലൂടെ നിയമിച്ചു.
പി എസ് സി കാറ്റഗറി നമ്പര്‍ 20/ 2006, 21/2006 വിജ്ഞാപന പ്രകാരമുള്ള ക്ലര്‍ക്ക്, കാഷ്യര്‍ റാങ്ക് ലിസ്റ്റിന്റെ മറവിലാണ് ബാങ്ക് അനധികൃത നിയമനവും ചട്ടവിരുദ്ധ പ്രമോഷനും നല്‍കിയത്. 2014 ജൂലൈ 30നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്.
ഇതിനുള്ളില്‍ തന്നെ 2018 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ ഒഴിവുകളിലേക്കും ലിസ്റ്റ് പ്രകാരം അനധികൃതമായി നിയമനം നടത്തി. ഇതോടെയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പുറത്തായത്. പ്രായപരിധി അവസാനിച്ച പലര്‍ക്കും ഇനി പി എസ് സി പരീക്ഷ പോലും എഴുതാനാകാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്.