ഛത്തീസ്ഗണ്ഡ്: പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ ഏഴ് അധ്യാപകര്‍ അറസ്റ്റില്‍. 2018 ലാണ് ഛത്തീസ്ഗഢിലെ ബലോദാ ബസാറില്‍ കേസിനാസ്പദമായ സംഭവം നടന്നത്.
കേസുമായി ബന്ധപ്പെട്ട് മദ്ര ഗ്രാമത്തിലുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ അധ്യാപകരായ മഹേഷ്കുമാര്വര്മ്മ, ദിനേഷ്കുമാര്സാഹു, ചാടന്ദാസ്ഭേഗന്, ലാല്‍റാം ബെര്വാന്ഷ്, ദേവേന്ദ്ര, രാമേശ്വര്‍ പ്രസാദ് സാഹു, രൂപനാരായന്‍ സാഹു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാളായ ദേവേന്ദ്ര ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേയ്ക്ക് കൊണ്ട് പോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. രാമേശ്വര്‍ എന്ന അധ്യാപകന് മറ്റൊരു വിദ്യാര്‍ത്ഥിനിയോട് ഫോണില്‍ കൂടി അശ്ലീല സംഭാഷണം നടത്തുകയും ചെയ്തു. കൂടാതെ മറ്റ് അഞ്ച് അധ്യാപകര്‍ സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അശ്ലീല കമന്റുകള്‍ പറഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥിനികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം പുറത്ത് അറിയിച്ചാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറയുന്നു.