ന്യൂഡല്‍ഹി: അയോദ്ധ്യാ വിധിയെ സ്വാഗതം ചെയ്യുന്നതായി എല്‍ കെ അദ്വാനി. അയോദ്ധ്യാ വിധിയെ ചരിത്ര വിധിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അയോദ്ധ്യയിലെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം പണിയുന്നതിന് സുപ്രീം കോടതി വഴിയൊഴുക്കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാമരാജ്യ നിര്‍മ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നല്‍കാനുള്ള അവസരം തനിക്ക് ഉണ്ടായി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് ഈ വിധിയോടെ ഫലമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യാ തര്‍ക്കം അവസാനിച്ചുവെന്നും കലഹങ്ങള്‍ ഉപേക്ഷിച്ച് സാമുദായിക യോജിപ്പും സമാധാനവും സ്വീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാമ ഭക്തിയായാലും, റഹീം ഭക്തിയായാലും രാജ്യത്തിന്റെ ശക്തിയും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം എല്ലാവരും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം നീതി ക്ഷേത്രം രമ്യമായി പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര വിധി ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോദ്ധ്യാ കേസില്‍ ചരിത്ര വിധിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിരുന്നു. സമാധാനവും ശാന്തതയും നിര്‍ത്താനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.