India

ബുള്‍ബുള്‍ ചുഴലിക്കാറ്റ്; ബംഗാളിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി

ബംഗാള്‍: ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ നാശം വിതച്ച പശ്ചിമ ബംഗാളില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

ചുഴലിക്കാറ്റില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സുരക്ഷിത സ്ഥലം ഒരുക്കണമെന്നും എല്ലാവരുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റായി കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതയ്ക്കുകയാണ്. 110-120 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റിനൊപ്പം സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ നേതാജ് സുഭാഷ്ചന്ദ്ര ബോസ് വിമാനത്താവളം നേരത്തെ അടച്ചിട്ടിരുന്നു.

ബംഗാളിന്റെ തീരപ്രദേശത്ത് നിന്ന് ലക്ഷകണക്കിന് ആള്‍ക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചു. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് 5000-ത്തോളം അഭയ കേന്ദ്രങ്ങള്‍ നേരത്തെ തന്നെ സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു.

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കൊല്‍ക്കത്തയില്‍ രണ്ടു പേര്‍ മരിച്ചു. സൗത്ത് 24 പരഗാനയില്‍ കുടുങ്ങി കിടന്ന 200-ഓളം പേരെ രക്ഷപ്പെടുത്തി കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ സാഗര്‍ പൈലറ്റ് സ്റ്റേഷനില്‍ എത്തിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി അഭയാര്‍ഥി കേന്ദ്രങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ചുഴലിക്കാറ്റിന്റെ ശക്തി തീവ്രമായതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഏത് അടിയന്തര സന്ദര്‍ഭവും നേരിടാന്‍ ദുരന്ത നിവാരണ സേന തയ്യാറാണ്. ശനിയാഴ്ച തന്നെ തീരപ്രദേശത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം ബംഗാളിലെ കയറ്റുമതി-ഇറക്കു മതി തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ചിറ്റഗോംഗ് ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പ്രധാന തുറമുഖങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചു. മത്സ്യതൊഴിലാളികള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

216 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close