ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതിയുടെ ചരിത്ര വിധിക്കു പിന്നാലെ ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്. രാജ്യത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും കോടതി വിധിയെ ഒരുപോലെ സ്വാഗതം ചെയ്തപ്പോള്‍ ഒവൈസി മാത്രം നിരാശനായെന്ന് അദ്ദേഹം പറഞ്ഞു.
ഒവൈസി നിരാശനാണ്. അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ ആരെക്കൊണ്ടും കഴിയില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ സന്തോഷിക്കുമ്പോള്‍ ഒവൈസിക്ക് എങ്ങനെ ഇത് അംഗീകരിക്കാനാകുമെന്നും രാജ്യം ഒരേ ശബ്ദത്തില്‍ വിധിയെ സ്വാഗതം ചെയ്തപ്പോള്‍ ഒവൈസിക്ക് മാത്രം എന്താണിത്ര പ്രശ്നമെന്ന് മനസിലാകുന്നില്ലെന്നും ഷാനവാസ് ഹുസൈന് വ്യക്തമാക്കി.
അതേസമയം, കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടന വേളയില്‍ കശ്മീരും അയോധ്യയും പരാമര്‍ശിച്ച പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെയും അദ്ദേഹം വിമര്‍ശിച്ചു. കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനവും അയോധ്യ കേസിലെ വിധിയും ഒരേ ദിവസമാണ് സംഭവിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മികച്ച രീതിയില്‍ ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ഇമ്രാന് ഖാന് വീണ്ടും വിവാദമുണ്ടാക്കി നാണംകെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.