ആന്ധ്രാപ്രദേശ്: രണ്ട് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിനാലുകാരനായ യുവാവിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം.
സൈക്കിള്‍ ഷോപ്പില്‍ വച്ച് രണ്ട് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവാവിനെ കൊലപ്പെടുത്തിയത്. നിര്‍മ്മാണ തൊഴിലാളിയായ സുവര്‍ണ്ണരാജുവാണ് കൊല്ലപ്പെട്ടത്.
സൈക്കിളിന്റെ ടയറില്‍ കാറ്റ് നിറയ്ക്കാന്‍ കടയിലെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ കടയില്‍ കൊടുക്കാന്‍ സുവര്ണ്ണരാജുവിന്റെ കൈയില്‍ രണ്ട് രൂപ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കടയുടമയായ സമ്പായുമായി ഇയാള്‍ തര്‍ക്കത്തിലായി. സംഭവം കണ്ട് നിന്ന കടയുടമയുടെ സുഹൃത്ത് അപ്പാറാവു ഇരുമ്പു വടികൊണ്ട് സുവര്‍ണ്ണ രാജുവിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവര്‍ സുവര്ണ്ണരാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കടയുടമയ്ക്കും അപ്പാറാവുവിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.