മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി. തീരുമാനം ഗവര്‍ണറെ അറിയിച്ചെന്ന് ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് നിര്‍ണായകമായ തീരുമാനം സ്വീകരിച്ചത്. ശിവസേനയുടെ നിലപാട് ജനഹിതത്തിന് വിരുദ്ധമെന്ന് ബിജെപി ആരോപിച്ചു. മുന്നണിയായി മത്സരിച്ച് ശിവസേന പിന്നില്‍ നിന്നും കുത്തിയെന്നും ബിജെപി കുറ്റപ്പെടുത്തി.
ബിജെപി ശിവസേന സഖ്യത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഈ ജനവിധിയെ വഞ്ചിക്കുകയാണ് ശിവസേന ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 288 സീറ്റില്‍ 105 സീറ്റുകളാണ് ബി ജെ പി നേടിയത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യം.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. നവംബര്‍ 11 രാത്രി 8 മണിക്ക് മുന്‍പ് ഫട്നാവിസ് ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ നിര്‍ദ്ദേശം.