മിസോറാം ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള രചിച്ച “ഉത്തരം തേടുമ്പോൾ”, “വഴിയിൽ വലിയ മേലായി മുത്തച്ഛൻ അഞ്ചടി” എന്നീ പുസ്തകങ്ങൾ ആണ് പ്രകാശനം ചെയ്തത് .
രണ്ടു പുസ്തകങ്ങളുടെയും പ്രകാശനം എ പി അബ്ദുല്ല കുട്ടി നിർവഹിച്ചു . പുസ്തക പ്രകാശന ചടങ്ങിൽ സ്വദേശി പൗര പ്രമുഖൻ ജാസിം അബ്ദുല്ല അൽ മിദ്ഫ മുഖ്യാതിഥിയായി പങ്കെടുത്തു. ജനം ടി വി മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പള്ളി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൺ എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. ശ്രീധരൻ പിള്ള രചിച്ച നൂറ്റി മൂന്നാമത്തെ പുസ്തകമാണ് ഉത്തരം തേടുമ്പോൾ . അഭിമുഖങ്ങളുടെയും, കുറിപ്പുകളുടെയും സമാഹാരമാണ് “ഉത്തരം തേടുമ്പോൾ” എന്ന പുസ്തകം.
മിസോറാം ഗവർണർ ആയി ചുമതല ഏറ്റെടുത്തതിനാൽ പി എസ് ശ്രീധരൻ പിള്ള ചടങ്ങിന് എത്തിയിരുന്നില്ല.
ബി ജെ പിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതിന് മുൻപ് തന്നെ താൻ ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്നു എന്ന് എ പി അബ്ദുല്ല കുട്ടി പറഞ്ഞു. ഫോക്ലോർ കലയെ അധികരിച്ച് എഴുതിയ “വഴിയിൽ വലിയ മേലായി മുത്തച്ഛൻ അഞ്ചടി” എന്ന പുസ്തകം പി എസ് ശ്രീധരൻ പിള്ളയുടെ വിജ്ഞാന മണ്ഡലത്തിന്റെ ആഴത്തെയും, പരപ്പിനേയും സൂചിപ്പിക്കുന്നതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രവാസി ബാല സാഹിത്യകാരൻ കാശിനാഥ് പ്രാണേഷ് രചിച്ച Seeking Through The Past എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ എൻ രഞ്ജിത്ത്, വ്യവസായി നസീർ വെളിയിൽ, യു എ ഇ എക്സ്ചേഞ്ച് മീഡിയ ഡയറക്ടർ കെ കെ മൊയ്തീൻ കോയ,മലബാർ ഗോൾഡ് ഡയറക്ടർ എ കെ ഫൈസൽ, ലിപി അക്ബർ, ഫാദർ ജോയ്സ് തോമസ്, ബി ജെ പി എൻ ആർ സെൽ കൺവീനർ എൻ ഹരികുമാർ, ശില്പ നായർ, പത്മകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.