കൊച്ചി: വടവുകോട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പാര്‍ത്രിയര്‍ക്കീസ് വിഭാഗം നടത്തിയ ആക്രമണത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഓര്‍ത്തഡോക്സ് സഭ. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.
സര്‍ക്കാരും സാമൂഹിക നേതാക്കളും സഭ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണ്. മറ്റ് വിഷയങ്ങളില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുവാന്‍ ആര്‍ജവം കാണിക്കുന്നവര്‍ ഓര്‍ത്തോഡോക്സ് സഭയ്ക്ക് നീതി നിഷേധിക്കുകയാണെന്ന് സഭാ വക്താവ് ഡോ ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.
സഭാ വിശ്വാസികളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകുന്നേരമാണ് വടവുകോട് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഓര്‍ത്തഡോക്സ് വിശ്വാസികളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.