ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപത്തിന് അവകാശികളെത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. പത്ത് ഇന്ത്യക്കാരുടെ പേരിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് അടുത്തിടെ കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വിസ് ബാങ്കിലെ കോടികളുടെ നിക്ഷേപത്തിന് അവകാശികളില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.
സ്വിസ് ബാങ്കിലെ അക്കൗണ്ടുകളില്‍ ചിലതിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. മറ്റുള്ള അക്കൗണ്ടുകളുടെ കാലാവധി 2020നാണ് അവസാനിക്കുക. എന്നാല്‍ ഇതിന് അവകാശികള്‍ എത്താത്ത പക്ഷം പണം സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിലേക്ക് മാറും. അതെസമയം, ചില അക്കൗണ്ടുകളുടെ അവകാശികളായി പാകിസ്ഥാന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ചിലര്‍ എത്തിയതായാണ് വിവരം.
കഴിഞ്ഞ മാസമാണ് സ്വിസ് ബാങ്ക് കള്ളപ്പണ ഇടപാടില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ ആദ്യഘട്ട പട്ടിക ഇന്ത്യയ്ക്ക് കൈമാറിയത്. സ്വിറ്റ്സര്‍ലാന്റിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന് വിഭാഗമാണ് വിവരങ്ങള്‍ കൈമാറിയത് .ഇരു രാജ്യങ്ങളും ഒപ്പ് വച്ച ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാര്‍ പ്രകാരമാണ് വിവരങ്ങള്‍ കൈമാറിയത്.