നാഗ്പൂര്‍: റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി രണ്ട് കടുവകള്‍. രണ്ട് ആണ് കടുവകളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച കടുവകളെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 1,160, 450 കിലോ മീറ്ററുകളാണ് ഇവ പിന്നിട്ടത്.
മഹാരാഷ്ട്രയിലെ തിപേശ്വര്‍ വന്യമൃഗ സങ്കേതത്തിലെ സി1 എന്ന കടുവയാണ് 1,160 കിലോ മീറ്ററുകള്‍ സഞ്ചരിച്ചത്. 6 ജില്ലകളില്‍ക്കൂടിയാണ് ഈ കടുവ കടന്നുപോയത്. കടുവ പിന്നിടുന്ന ദൂരം കണക്കാക്കുവാനായി ഇവയുടെ കഴുത്തില്‍ റേഡിയോ ഘടിപ്പിച്ചിട്ടുണ്ട്. പുതിയ വാസ സ്ഥലം തേടി തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ഈ കടുവ ജനവാസ മേഖലകളില്‍ കൂടിയാണ് കടന്നു പോയതെങ്കിലും ആരുടെയും കണ്ണില്പ്പെട്ടിരുന്നില്ല.
തെലങ്കാനയിലെ ഫാല്ഗുനയിലുള്ള കടുവയായ കെ7 പിന്നിട്ടത് 450 കിലോ മീറ്ററാണ്. മഹാരാഷ്ട്രയിലെ പ്രന്ഹിത വന്യമൃഗ സങ്കേതത്തിലാണ് ഈ കടുവയെ ആദ്യമായി കണ്ടെത്തിയത്. മഴക്കാലത്തിന് ശേഷം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒക്ടോബര്‍ 19ന് ഇതിനെ ഗഡ്ചിരോളി വനമേഖലയില്‍ നിന്ന് കണ്ടെത്തിയതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
കര്‍ഷകരും മറ്റും സ്ഥാപിക്കാറുള്ള വൈദ്യുത വേലികള്‍ പോലെയുള്ള ഭീഷണികളെ അതിജീവിച്ചാണ് രണ്ട് കടുവകളും ഇത്രയേറെ ദൂരം പിന്നിട്ടിരിക്കുന്നത്. നവംബര്‍ 3 വരെ സി1 എന്ന കടുവ ആരുടെയും കണ്ണില്പ്പെട്ടിട്ടില്ല. മഹാരാഷ്ട്രയില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ ഗഡ്ചിരോളിയില്‍ കൂടുതല്‍ സ്ഥലം സജ്ജീകരിക്കേണ്ടതുണ്ടെന്ന് മഹാരാഷ്ട്രയിലെ വന്യമൃഗ സങ്കേതത്തിന്റെ അദ്ധ്യക്ഷന്‍ നിതിന്‍ എച്ച്. കകോഡ്കര്‍ പറഞ്ഞു.