പാറ്റ്ന: ബീഹാറില്‍ ഉപയോഗ ശൂന്യമായ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് ബോംബുകള്‍ ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. വ്യത്യസ്ത വലിപ്പത്തിലുള്ള ബോംബുകളാണ് ഖജേകല പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഛോട്ടീബസാറിലെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ആളൊഴിഞ്ഞ വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതായി എസ്പി ഗരിമ മാലിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇതേതുടര്‍ന്ന് സിറ്റി എസ്പി ജിതേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച ശേഷമാണ് പരിശോധന നടത്തിയത്.
സംഭവ സ്ഥലത്തെത്തിയ ശേഷം ബോംബ് സ്ക്വാഡ് രണ്ട് ബോംബുകളും നിര്‍വീര്യമാക്കി. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച ബ്രിജ് കിഷോര്‍ എന്ന വ്യക്തിയുടെ പേരിലുളള വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.