കോഴിക്കോട്: പാര്‍ട്ടിക്കുള്ളിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ അന്വേഷണം നടത്താനൊരുങ്ങി സിപിഎം. കോഴിക്കോട് രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം പാര്‍ട്ടിയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന വിലയിരുത്തലിന് പിന്നാലെയാണ് അന്വേഷണം നടത്താനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സംഘടന നടപടികള്‍ക്ക് ഫ്രാക്ഷന് യോഗം ചേരും. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ പോഷക സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ പങ്കെടുക്കുന്ന ഫ്രാഷന്‍ യോഗങ്ങളാണ് നടക്കുന്നത്.
കമ്മ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്താനും തെറ്റു തിരുത്തലിനുമാണ് യോഗം ചേരുന്നത്. കോഴിക്കോട്ടെ യുഎപിഎ അറസ്റ്റില്‍ പാര്‍ട്ടിയ്ക്ക് ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ഫ്രാഷന്‍ യോഗങ്ങളും അന്വേഷണവും നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. സിപിഎമ്മില്‍ 500 ഓളം കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഉണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
അതേസമയം കമ്മ്യൂണിസ്റ്റ് ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അലന്, താഹ എന്നിവരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. ഇതിനായി ഇന്ന് വൈകിട്ട് പന്നിയങ്കര ലോക്കലില്‍ ജനറല്‍ ബോഡി യോഗം വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന് ഉള്‍പ്പെട്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.