തൃശ്ശൂര്‍ : ദേശീയപാത കുതിരാനിലെ ടാറിടല്‍ അവസാനഘട്ടത്തിലേക്ക്. ഞായറാഴ്ച വില്ലന്വളവുമുതല് വഴുക്കുംപാറവരെയുള്ള ഭാഗങ്ങളില്‍ ടാറിട്ടു. ഈ ആഴ്ചകൊണ്ട് പണികള്‍ പൂര്‍ത്തിയായി പാത പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഒക്ടോബര്‍ മാസം അവസാനം തീര്‍ക്കാന്‍ നിശ്ചയിച്ച പണികളാണ് വീണ്ടും പത്തുദിവസത്തിലേറെ നീണ്ടുപോയത്.
കുതിരാന്‍ തുരങ്കത്തിന്റെ പണി ഒരു വശത്ത് പുരോഗമിക്കുമ്പോള്‍ ഭാരമേറിയ വാഹനങ്ങളുടെ കനത്ത തിരക്കാണ് ദേശീയപാത അറ്റകുറ്റപ്പണികളെ സാരമായി ബാധിച്ചത്.ചെറിയ തടസ്സം പോലും വന്‍ ഗതാഗതക്കുരുക്കായി മാറിയിട്ട് ഒരു ദശകത്തിലേറെയായി.
ടാറിംഗില്‍ ദീര്‍ഘകാലം നിലനില്ക്കുന്നതരത്തിലുള്ള ശ്രദ്ധനല്കിയതായും മേല്‍നോട്ടം വഹിക്കുന്ന കളക്ടര്‍ പറഞ്ഞു.കൂടാതെ റോഡ് ഉയര്‍ന്നതോടെ അപകടകരമായ താഴ്ച ഇരുവശത്തുമുണ്ടായത് ശ്രദ്ധയോടെ പരിഹരിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി വശങ്ങള് ടാറിങ്ങിന് പകരം കോണ്‍ക്രീറ്റിട്ട് വീതികൂട്ടുന്ന രീതിയാണ് നടപ്പാക്കിയതെന്നും കളക്ടര്‍ പറഞ്ഞു.