എറണാകുളം : തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ ജനുവരി 11, 12 തിയതികളില്‍ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ജനുവരിയില്‍ ഫ്ളാറ്റ് പൊളിക്കാന്‍ തീരുമാനമായത്.
ആല്‍ഫ സെറീന്, ഹോളി ഫെയ്ത്ത് എച്ച് ടു ഒ എന്നീ ഫ്ളാറ്റുകള്‍ ജനുവരി 11 ന് പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 12 ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകളും പൊളിക്കും. ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനം വഴിയാകും പൊളിച്ച് നീക്കുക. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്‍പ് 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കും. അതേസമയം ഫ്ളാറ്റ് പൊളിക്കുന്നതിന് ആവശ്യമായ സ്ഫോടക വസ്തുക്കളുടെ അളവ് സംബന്ധിച്ച് യോഗത്തില്‍ തീരുമാനം ആയിട്ടില്ല.
മരടിലെ ഫ്ളാറ്റുകള്‍ അടുത്ത മാസം പൊളിക്കും എന്നായിരുന്നു സൂചന. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങളാണ് ഫ്ളാറ്റു പൊളിക്കുന്നത് ജനുവരിയിലേക്ക് നീട്ടാന്‍ കാരണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ജനുവരി 9 വരെയാണ് സുപ്രീംകോടതി സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ തിയതി നീണ്ടുപോയ സാഹചര്യത്തില്‍ അതിനുള്ള കാരണം സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.