Keralaസത്യമപ്രിയം

വീണ്ടും കേരളത്തിന് അപമാനമാകുന്ന ഡിവൈഎഫ്ഐ

സത്യമപ്രിയം - ജികെ സുരേഷ് ബാബു

സമാധാനപരമായ ജീവിതവും മതസൗഹാര്‍ദ്ദവും സര്‍വ്വമത സമന്വയവും ഏത് രാഷ്ട്രത്തിന്റെയും പുരോഗതിയിലേക്കുള്ള സുപ്രധാന പാതയാണ്. സംഘര്‍ഷങ്ങളും കലാപവുമില്ലാതെ ജനങ്ങളുടെ പുരോഗതിയും ഐശ്വര്യവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അഴിമതിരഹിതമായ ഭരണകൂടം. രാഷ്ട്രത്തിന്റെ സുഗമമായ പോക്കിന് തടസ്സമായതെല്ലാം നിയമപരമായ വഴിയിലൂടെ പരിഹരിച്ച് മുന്നോട്ടുള്ള യാത്ര. കുശുമ്പും കുന്നായ്മയുമായി എന്നും ചൊറിയാനിരിക്കുന്ന അയല്‍ക്കാരെ വകവെയ്ക്കാതെ നെഞ്ച് വിരിച്ച് മുന്നോട്ടുള്ള ജൈത്രയാത്ര. നരേന്ദ്രമോദിയുടെ നവീനഭാരതം അതാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി, മാസങ്ങള്‍കൊണ്ട് നേടിയ നേട്ടം 1947 നു ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈജിയന്‍ തൊഴുത്തു പോലെ വൃത്തിഹീനമാക്കിയ ജനാധിപത്യത്തിന്റെ മകുടങ്ങളെ വൃത്തിയാക്കുകയാണ്. ഭരണഘടനയുടെ 370-ാം ഭേദഗതി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് കാശ്മീരിനെ പൂര്‍ണ്ണമായും ഭാരതത്തിന്റെ ഭാഗമാക്കുമ്പോള്‍ എല്ലാ കാലത്തും പാക്കിസ്ഥാന് ഭീകരപ്രവര്‍ത്തം നടത്താനും ഇസ്ലാമിക തീവ്രവാദത്തിനും ഭീകരതയ്ക്കും ഒളിസേവ ചെയ്യാനുമുള്ള അവസരം കൂടി ഒഴിവാക്കുകയായിരുന്നു. താല്‍ക്കാലികമായി ഉണ്ടാക്കിയ 370-ാം വകുപ്പ് ഏഴ് ദശാബ്ദം എങ്ങനെ തുടര്‍ന്നു എന്ന കാര്യം ആര്‍ക്കും അറിയില്ല.

ദിശാബോധമുള്ള, ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ മാതൃകാപരമായ നയമാണ് നരേന്ദ്രമോദിയുടെ ഓരോ ചുവടുവെയ്പ്പിലും കാണുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ തീരുമാനം വേണമെന്ന് ശിവസേനയടക്കം പലരും ആവശ്യപ്പെട്ടപ്പോള്‍ സുപ്രീംകോടതിയില്‍ ഇരിക്കുന്ന കേസിന്റെ വിധി വരട്ടെ, അതിനുശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഇന്ന് സുപ്രീംകോടതി മുന്നോട്ടു വെച്ച വിധിന്യായം വര്‍ഷങ്ങള്‍ക്കു മുന്‍പ് രാമജന്മഭൂമി പ്രസ്ഥാനം മുന്നോട്ടു വെച്ചതാണ്. ശ്രീരാമന്റെ ജന്മസ്ഥലം നിശ്ചിതമാണെന്നും അത് മാറ്റാനാകില്ലെന്നും അതുകൊണ്ടു തന്നെ മുസ്ലീം സഹോദരന്മാര്‍ക്ക് പഞ്ചകോശപരിക്രമയ്ക്കു പുറത്ത് പള്ളി പണിയാന്‍ സ്ഥലം വാങ്ങി നല്‍കാമെന്നും അവര്‍ പറഞ്ഞു. ബാബറി ആക്ഷന്‍ കമ്മിറ്റിയെയും മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനെയും തെറ്റിദ്ധരിപ്പിച്ച്, വഴിതെറ്റിച്ച് ഹിന്ദു-മുസ്ലീം കലാപം സുസ്ഥിരമായി നിലനിര്‍ത്താനും വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനും മുന്‍കൈ എടുത്തത് ഇടതുപക്ഷ ബുദ്ധിജീവികളായിരുന്നു. റൊമീള ഥാപ്പറും ഇര്‍ഫാന്‍ ഹബീബും അസ്ഗറലി എഞ്ചിനീയറും ഒക്കെയടങ്ങുന്ന ഇടതുപക്ഷ സൈദ്ധാന്തികര്‍ ശ്രീരാമ ജന്മഭൂമി പ്രശ്‌നം ഒത്തു തീര്‍പ്പാക്കാനുള്ള എല്ലാ ശ്രമങ്ങളുടെയും കടയ്ക്കല്‍ കത്തിവെയ്ക്കുകയായിരുന്നു.

Loading...

അയോദ്ധ്യയില്‍ ഖനനം നടത്തിയ ഡോ. ബി ബി ലാലും കെ കെ മുഹമ്മദും പ്രൊഫ. ഏ ആര്‍ ഖാനും അടക്കമുള്ള എല്ലാവരും എല്ലാ തെളിവുകളും കാട്ടി, പുരാരേഖകള്‍ കാട്ടി പറഞ്ഞു, ഇവിടെ ക്ഷേത്രമാണ് നിലനിന്നിരുന്നത് എന്നും ക്ഷേത്രത്തിനു മുകളില്‍ മൂന്നു മിനാരങ്ങള്‍ വച്ച് ബാബറിന്റെ സൈന്യത്തലവനായ ബഖ്‌വി പള്ളി പണിയുകയായിരുന്നു എന്നും. ശിലാലിഖിതങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും അതിനെ എതിര്‍ക്കാനും തോല്‍പ്പിക്കാനും കെ കെ മുഹമ്മദ് അടക്കമുള്ളവര്‍ കള്ളം പറയുന്നു എന്ന് വരുത്താനുമായിരുന്നു ഇടത് ചരിത്രകാരന്മാരുടെയും സൈദ്ധാന്തികരുടെയും ശ്രമം. ഭാരതം ഒരിക്കലും നന്നാകാതിരിക്കാന്‍ സ്ഥിരമായി വര്‍ഗ്ഗീയ സംഘര്‍ഷം വേണമെന്നും വര്‍ഗ്ഗീയസംഘര്‍ഷം ഉണ്ടെങ്കിലേ തങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്നും കരുതുന്ന മ്ലേച്ഛ മനോഭാവമാണ് ഇടതു നേതാക്കളില്‍ ഭൂരിപക്ഷവും വെച്ചു പുലര്‍ത്തുന്നത്. അതിനനുസരിച്ച് സാഹചര്യം കിട്ടുന്നിടത്തൊക്കെ വര്‍ഗ്ഗീയസംഘര്‍ഷം കുത്തിപ്പൊക്കാനും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തല്ലിക്കാനും കഴിയാവുന്നതൊക്കെ അവര്‍ ചെയ്യുന്നുണ്ട്. തലശ്ശേരി കലാപത്തില്‍ സി. പി എം ആണ് പള്ളി പോളിച്ചതെന്ന ജസ്റ്റിസ് വിതയത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇത് സാക്ഷ്യപ്പെടുത്തുന്നു.

സുപ്രീം കോടതി അയോദ്ധ്യാപ്രശ്‌നത്തില്‍ വിധി പറഞ്ഞപ്പോള്‍ അത് ഒരു പുതിയ സംഘര്‍ഷത്തിന് വഴിമരുന്ന് ഇടുമെന്നും രാഷ്ട്രീയമായി മുതലാക്കാമെന്നും കരുതിയവര്‍ക്ക് ഒക്കെ തെറ്റി. 1568 ല്‍ അയോദ്ധ്യയിലെ ശ്രീരാമ മന്ദിരം തകര്‍ത്ത് പള്ളിയാക്കി മാറ്റിയതു മുതല്‍ സ്വാതന്ത്ര്യത്തിന്റെ പുലരി വരെ 77 തവണ ക്ഷേത്രം മോചിപ്പിക്കാന്‍ രാമഭക്തരും ഇസ്ലാമിക ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. 1,74,105 രാമഭക്തരാണ് ഈ പോരാട്ടത്തില്‍ മരണമടഞ്ഞത്. അയോദ്ധ്യയിലേക്ക് ബാബര്‍ കടന്നുവന്നത് വിദേശിയായ അക്രമി എന്ന നിലയിലാണ്. അയാള്‍ ഭാരതീയനല്ല. വിദേശിയായ, നികൃഷ്ടനായ അക്രമകാരിയാണ്. അയാളുടെ പൈതൃകം ഏറ്റെടുക്കുകയോ ചുമക്കുകയോ ചെയ്യേണ്ട കാര്യം ഭാരതീയരായ മുസ്ലീങ്ങള്‍ക്കില്ല. പാക്കിസ്ഥാനടക്കം ഏത് വിദേശരാജ്യവും ആക്രമിച്ചാല്‍ ഇവിടെ കിനിയുന്ന ചോര ഭാരതീയന്റെയാണ്. മുസ്ലീമായാലും ഹിന്ദുവായാലും പാഴ്‌സിയായാലും ജൈനനായാലും അവന്‍ ഭാരതീയനാണ്. അത് ഭാരതീയനും വിദേശിയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. കെ കെ മുഹമ്മദും ഡോ. ഖാനും ഇക്കാര്യം പലതവണ പറഞ്ഞു. കെ കെ മുഹമ്മദ് ഞാന്‍ ഭാരതീയന്‍ എന്ന തന്റെ ആത്മകഥയിലൂടെ വിശ്വാസങ്ങള്‍ക്കപ്പുറം ഭാരതത്തോടുള്ള തന്റെ അദമ്യമായ ഭക്തിയും കൂറും കടപ്പാടും വിളിച്ചുപറഞ്ഞു. ഇസ്ലാമിക ഭീകരതയുടെയും മതത്തിന്റെയും സ്വാധീനത്തില്‍പ്പെടാതെ ദേശീയതയുടെ വക്താവും പ്രയോക്താവുമായി ഭാരതത്തിനുവേണ്ടി സമര്‍പ്പിച്ച ആ ജീവിതത്തെ പ്രണമിക്കുന്നു.

കെ കെ മുഹമ്മദിന്റെ നിലപാട് ഭാരതത്തില്‍ മതത്തിന്റെ പേരില്‍ രക്തം ചിന്തരുത് എന്നാണ്. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് ഡി വൈ എഫ് ഐ നേതാക്കളായ മുഹമ്മദ് റിയാസും സ്വരാജും പുലര്‍ത്തിയത്. റിയാസ് അഖിലേന്ത്യാ പ്രസിഡണ്ട് ആകുന്നതുവരെ കുറച്ചൊക്കെ പ്രതീക്ഷയുള്ള രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തര്‍ക്കമന്ദിരം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന നിര്‍ദ്ദേശമുണ്ടായിട്ടും ആ ദൃശ്യങ്ങള്‍ വച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട റിയാസ് എന്തായാലും മതസഹിഷ്ണുതയല്ല ഉദ്ദേശിച്ചതെന്ന് വ്യക്തം. ഇതിനേക്കാള്‍ മോശമായിരുന്നു എം സ്വരാജിന്റെ പോസ്റ്റ്. വി എസ് അച്യുതാനന്ദന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് തുടങ്ങി വിവരക്കേടുകളുടെ കൂമ്പാരമായി മാറിയ സ്വരാജിനെ കുറിച്ച് ഒന്നു പറയുന്നില്ല. സുപ്രീം കോടതിയില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാനാകൂ എന്ന് പോസ്റ്റിട്ട സ്വരാജ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സ്വാധീനിച്ചു എന്ന് ധ്വനിപ്പിച്ച് വടക്കന്‍ ജില്ലകളിലെ സുഡാപ്പികളെ പ്രീണിപ്പിക്കാനാണ് ശ്രമിച്ചത്. ഈ രണ്ടും നേതാക്കളുടെയും ഈ പ്രതികരണങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ കേരളാ പോലീസ് തയ്യാറായിട്ടില്ല. ഇവിടെയാണ് കേരളാ പോലീസിന്റെ നട്ടെല്ലില്ലായ്മ ബോദ്ധ്യപ്പെടുക. മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ അത് കേള്‍ക്കാതെ മതസംഘര്‍ഷത്തിന് ശ്രമിച്ചവര്‍ക്ക് ഓശാന പാടാനാണ് പോലിസ് എങ്കില്‍ അവരുടെ നിഷ്പക്ഷതയില്‍ സംശയിച്ചാല്‍ കുറ്റം പറയാനാകുമോ?

കോടതിവിധിക്ക് ശേഷം ഹര്‍ജിയിലെ കക്ഷികളടക്കമുള്ള ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം ആലിംഗനം ചെയ്ത് വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ സാക്ഷര കേരളമെന്ന് അഭിമാനിക്കുന്ന, പ്രബുദ്ധ കേരളമെന്ന് അഭിമാനിക്കുന്ന ഇവിടെയാണ് സംഘര്‍ഷത്തിന് വഴിമരുന്നിടാന്‍ ശ്രമിച്ചത് എന്നത് അപമാനകരമാണ്. ഡി വൈ എഫ് ഐ ഹിന്ദു വിരുദ്ധ സംഘടനയാണോ? എസ് ഡി പി ഐയുടെ പോഷക സംഘടനയാണോ? ഹിന്ദു വിരുദ്ധത കുത്തിനിറയ്ക്കുകയും അഭിമന്യുവിന്റെ കൊലയാളികളെ സംരക്ഷിക്കുകയും ചെയ്തു വരുമ്പോള്‍ അങ്ങനെ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? രാഷ്ട്രീയലാഭത്തിന് അപ്പുറം ഒരു നാടിന്റെയും രാഷ്ട്രത്തിന്റെയും നല്ല ഭാവിക്ക് വേണ്ടിയാണ് ഓരോ സംഘടനയും പ്രവര്‍ത്തിക്കേണ്ടത്. ഭാരതത്തെയും ഹിന്ദുത്വത്തെയും തള്ളിപ്പറഞ്ഞ് മുന്നോട്ടു പോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്വരാജിന്റെയും റിയാസിന്റെയും വാക്കുകളെങ്കില്‍, തീര്‍ച്ചയായും നിങ്ങളെയും കാത്തിരിക്കുന്നത് ബംഗാളിലെയും ത്രിപുരയിലെയും ഗതിതന്നെയാണെന്ന് മറക്കരുത്.

അയോദ്ധ്യാ പ്രശ്‌നത്തിന് ഏത് നീതിപീഠത്തിനും നല്‍കാന്‍ കഴിയുന്ന ഏറ്റവും സ്വീകാര്യമായ വിധിയാണ് ഉണ്ടായിട്ടുള്ളത്. തര്‍ക്കമന്ദിരത്തില്‍ അവകാശമോ കൈവശാവകാശമോ സ്ഥാപിക്കാനും ബോദ്ധ്യപ്പെടുത്താനും പരാജയപ്പെട്ടിട്ടും ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പാക്കാന്‍ മുസ്ലീം സഹോദരരുടെ മനസ്സിന് വിഷമം ഉണ്ടാകരുതെന്ന കരുതലോടെയാണ് അഞ്ചേക്കര്‍ സ്ഥലം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ഒരു മനുഷ്യന്റെ മുഖത്തെ രണ്ടു കണ്ണുകളെപ്പോലെ ഒന്നിച്ചു പോകാനുള്ള അവസരം നീതിപീഠം മുന്നോട്ടുവെയ്ക്കുമ്പോള്‍ ആ കണ്ണില്‍ ആസിഡ് ഒഴിക്കാന്‍ ശ്രമിക്കുന്ന സി പി എമ്മും ഡി വൈ എഫ് ഐയും ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്? നിങ്ങള്‍ ഈ നാടിന്റെ അപമാനമാണ്.

591 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close