മസ്കറ്റ്: ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങി മരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന. പ്രാഥമിക വിവരം അനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് സൂചനയെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുവെന്നും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ അറിയിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും വിരലടയാളവും ഉള്‍പ്പെടെ ഉള്ളവ പരിശോധിച്ച ശേഷമെ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം നടത്താനാവൂ എന്നും അദ്ദേഹം അറിയിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും എംബസി സ്വീകരിക്കുമെന്നും മുന്നു മഹാവീര്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്നുവരുന്ന ജലവിതരണ പദ്ധതി സ്ഥലത്താണ് അപകടം നടന്നത്. കനത്ത മഴയില്‍ വെളളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ആരുടെയും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞതിന് ശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.