സിഡ്നി: ഒരാഴ്ചയായി കത്തിക്കയറുന്ന കാട്ടൂതീ അണയ്ക്കാനാകാതെ ഓസ്ട്രേലിയ വന്‍ പ്രതിസന്ധിയില്‍. പ്രസിദ്ധമായ സിഡ്നി നഗരത്തിന്റെ ഗ്രാമീണമേഖലയടക്കം വന്‍ കാട്ടൂതീയിലമരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കനത്തകാറ്റും അന്തരീക്ഷ താപനിലയിലെ കൂടതലും കാട്ടൂതീയെ നിയന്ത്രണാതീതമാക്കിയെന്നാണ് അഗ്നിശമന സേനാ വിഭാഗം പറയുന്നത്.
ന്യൂസൗത്ത് വെയില്‍സും ഗ്രേറ്റര്‍ സിഡ്നി പ്രദേശത്തും പതിവിന് വിപരീതമായി താപനില 37 ഡിഗ്രിയിലാണുള്ളത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കി.മീറ്ററിലധികമായിത്തുടരുകയാണ്. ന്യൂസൗത്ത് വെയില്‍സ്, ക്യൂന്‍സ് ലാന്‍ഡ് പ്രവിശ്യകളില്‍ രണ്ടുദിവസം മുന്നേതന്നെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഗ്രേറ്റല്‍ സിഡ്നി പ്രദേശത്ത് ശനിയാഴ്ച 100 ലേറെ വീടുകള്‍ അഗ്നിക്കിരയാവുകയും 5 പേര് മരിക്കുകയും ചെയ്തിരുന്നു. വീടുപേക്ഷിച്ച് ആയിരങ്ങള്‍ പലായനം ചെയ്തുകഴിഞ്ഞു. അതിദാരുണമായി വന്യജീവിവര്ഗ്ഗങ്ങള് കാട്ടുതീയില്പ്പെട്ടമരുന്നതിന്റെ ദു:ഖത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
പലപ്രദേശങ്ങളിലായി 120 സ്ഥലങ്ങളില്‍ തീ പടര്‍ന്നു. കാട്ടിലെ മരങ്ങള്‍ ഉരസിയാണ് ആദ്യം കാട്ടുതീക്ക് തുടക്കമായതെന്നും അഗ്നിശമന സേന പറഞ്ഞു.50 സ്ഥലത്തെ തീ ഇനിയും കെടുത്താനാകാത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. സിഡ്നി നഗരനിവാസികള്ക്കും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കാട്ടുതീക്കപ്പുറം കനത്ത വായുമലിനീകരണമാണ് പ്രദേശത്ത് സംഭവിക്കുന്നത്.64 അഗ്നിശമന വാഹനങ്ങള്‍ക്ക് പുറമേ വ്യോമസേനയുടേതടക്കം 60 വിമാനങ്ങള്‍ പ്രത്യേക രാസപദാര്‍ത്ഥങ്ങള്‍ വിതറി തീയണക്കാന്‍ പരിശ്രമിക്കുകയാണ്.