ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാം സ്വകാര്യ ട്രെയിന്‍ മുംബൈ-അഹമ്മദാബാദ് തേജസ് എക്സ്പ്രസ് ഡിസംബറില്‍ ഓടിത്തുടങ്ങും. ഐആര്‍സിടിസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
മുംബൈ-അഹമ്മദാബാദ് തേജസ് എക്സ്പ്രസ് നവംബര്‍ രണ്ടാംവാരം മുതല്‍ സര്‍വീസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സര്‍വീസ് നടത്താന്‍ വൈകുകയായിരുന്നു. അഹമ്മദാബാദില്‍ നിന്നും രാവിലെ 6.40ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15ന് ട്രെയിന്‍ മുംബൈയില്‍ എത്തുന്ന രീതിയിലാണ് സമയക്രമം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സമയക്രമത്തില്‍ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. എക്സ്പ്രസിന്റെ നിരക്കുകളിലും തീരുമാനമായിട്ടില്ല.
പത്ത് ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എക്സിക്യൂട്ടിവ് കാര്‍ കോച്ചുകളുമടങ്ങുന്നതാണ് തേജസ്. സര്‍വീസ് നടത്തേണ്ട റേക്ക് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഒഴികെ ആറ് ദിവസങ്ങളിലും സര്‍വീസ് നടത്താനാണ് തീരുമാനം. യാത്രക്കാരെ പരിചരിക്കാന്‍ ട്രെയിന്‍ ഹോസ്റ്റസുമാര്‍ ട്രെയിനിലുണ്ടാകും.
രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടിയായ ഡല്‍ഹി-ലക്നൗ തേജസ് എക്സ്പ്രസ് ഒക്ടോബര്‍ ആദ്യവാരമാണ് ഓടി തുടങ്ങിയത്. സര്‍വീസിന്റെ ആദ്യമാസ വരുമാനത്തില്‍ നിന്നു തന്നെ 70 ലക്ഷം രൂപ ലാഭം നേടിയിരുന്നു. ഏ.സി ക്ലാസിന് 1,125 രൂപ, എക്സിക്യൂട്ടീവ് ക്ലാസിന് 2, 310 രൂപയുമാണ് ലഖ്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസിലെ നിരക്ക്. തിരിച്ചുള്ള യാത്രയ്ക്ക് യഥാക്രമം 1280, 2450 എന്നിങ്ങനെയാണ്. ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ട്രെയിനിലുണ്ട്. യാത്ര തുടങ്ങുന്നതിനു മുമ്പും അവസാനിക്കുമ്പോഴും ലഘു ഭക്ഷണവും സ്വീറ്റ്സും ഐആര്‍സിടിസി അനുവദിക്കുന്നുണ്ട്.
വരുംകാലങ്ങളില്‍ ട്രെയിനുകളില്‍ ഷോപ്പിങ് സ്റ്റോറും ലൈബ്രറിയും തുടങ്ങാനും പദ്ധതി ഇടുന്നുണ്ട്.