ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരരുടെ ആക്രമണം. കടയുടമക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ത്രാലിലാണ് ആക്രമണമുണ്ടായത്.
ഭീകരരുടെ വെടിവെപ്പില്‍ കടയുടമക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണമുണ്ടായ പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷ സേന തെരച്ചില്‍ ഊർജ്ജിതമാക്കിയതായി കശ്മീര്‍ മേഖല പോലീസ് അറിയിച്ചു.
അടുത്തിടെ കശ്മീരില്‍ പാകിസ്ഥാന് സൈന്യം നിരവധി തവണ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിച്ചിരുന്നു. ഇതിനു പുറമെയാണ് ഭീകരര്‍ കശ്മീരില്‍ ആക്രമണം നടത്തുന്നത്. ഇന്നലെ പൂഞ്ചിലെ ഷാപൂരിലുള്ള നിയന്ത്രണ രേഖക്ക് സമീപം പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
കുപ് വാര ജില്ലയിലെ തങ്ദാര്‍ സെക്ടറില്‍ കഴിഞ്ഞ മാസം പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.